കേരളത്തിലെ എന്‍സിപി വേറെ പാര്‍ട്ടിയാകുമോ...?

വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന് ശിവസേനയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.   

Last Updated : Nov 11, 2019, 10:02 AM IST
കേരളത്തിലെ എന്‍സിപി വേറെ പാര്‍ട്ടിയാകുമോ...?

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ എന്‍സിപി പിന്തുണച്ചാല്‍ അതിന്‍റെ പ്രത്യാഘാതം കേരള രാഷ്ട്രീയത്തിലുമുണ്ടാകും.

കേരളത്തില്‍ എന്‍സിപി സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിലെ ഘടക കക്ഷിയും മന്ത്രിസഭയില്‍ പങ്കാളിയുമാണ്.

വര്‍ഗീയതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന് ശിവസേനയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ എന്‍സിപി ശിവസേനയെ പിന്തുണച്ചാല്‍ അവര്‍ എങ്ങനെ എല്‍ഡിഎഫില്‍ തുടരുമെന്ന ചോദ്യം ഉയരും. 

ഗോവയിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേരത്തെതന്നെ എന്‍സിപി ബിജെപിയുമായി നീക്ക് പോക്കും ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. അന്നൊക്കെ കേരളാ ഘടകം ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. 

കേരള ഘടകത്തിനൊപ്പം അന്ന് ദേശീയ നേതൃത്വം നിലകൊള്ളുകയും പാര്‍ട്ടി പ്രാദേശിക ഘടകത്തെ തള്ളി പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ശിവസേനയെപ്പോലെ തീവ്രവര്‍ഗീയ നിലപാട് പുലര്‍ത്തുന്ന പാര്‍ട്ടിയെ എന്‍സിപി പിന്തുണയ്ക്കുന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടില്‍ കണ്ണ് വെച്ച് സിപിഎം എന്‍എന്‍സിപിയെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്നതിന് സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ എന്‍സിപി സംസ്ഥാന ഘടകം മറ്റൊരു പാര്‍ട്ടിയായി പുതിയ പേര് സ്വീകരിച്ച് എല്‍ഡിഎഫില്‍ തുടരാനാണ് സാധ്യത. 

എന്നാല്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ശിവസേനയുമായി അഖിലേന്ത്യാ തലത്തില്‍ സഹകരിക്കാന്‍ സിപിഎമ്മും സിപിഐയും തീരുമാനിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിലെ എന്‍സിപിയ്ക്കും മഹാരാഷ്ട്രയിലെ എന്‍സിപിയുടെ ഭാഗമായി തുടരാം. 

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ശിവസേനയെ പിന്തുണയ്ക്കാനുള്ള എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. 

Trending News