ജോസ് കെ. മാണിയെ ചെയര്‍മാനായി അംഗീകരിക്കില്ലെന്ന് ജോസഫ്‌ പക്ഷം

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ. മാണിയെ അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് പി. ജെ. ജോസഫ് ഗ്രൂപ്പ്.

Last Updated : Jun 17, 2019, 02:25 PM IST
ജോസ് കെ. മാണിയെ ചെയര്‍മാനായി അംഗീകരിക്കില്ലെന്ന് ജോസഫ്‌ പക്ഷം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ് കെ. മാണിയെ അംഗീകരിക്കില്ലെന്ന നിലപാടിലുറച്ച് പി. ജെ. ജോസഫ് ഗ്രൂപ്പ്.

കൂടാതെ, ജോസ് കെ. മാണിയുടെ നേത്രുത്വത്തില്‍ കോട്ടയത്തു നടന്ന യോഗം പാര്‍ട്ടി ഭരണഘടനയുടെ ലംഘനമാണെന്നും പി. ജെ. ജോസഫ് ആരോപിച്ചു. പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് തന്ത്രപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് നിയമവിരുദ്ധവും നിലനില്‍ക്കാത്തതുമാണ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെതുടര്‍ന്ന് എല്ലാ അധികാരങ്ങളും ചുമതലകളും വര്‍ക്കിംഗ് ചെയര്‍മാനാണ്. ഇത് പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണ്. കൂടാതെ, സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ കുറഞ്ഞത്‌ 10 ദിവസത്തെ നോട്ടീസ് നല്‍കണം. ജോസ് കെ. മാണി വിളിച്ചു ചേര്‍ത്ത യോഗം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  

കോട്ടയത്തു നടന്ന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും പി. ജെ. ജോസഫ്‌ പറഞ്ഞു. നിയമസഭാ കക്ഷി നേതാവ് താനാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവി കാര്യങ്ങള്‍ ആലോചിക്കാനായി പി.ജെ. ജോസഫ് വിളിച്ച യോഗത്തില്‍ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു. 

സി.എഫ് തോമസിനെ യോഗത്തിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ജോസഫ് വിഭാഗം വിലയിരുത്തുന്നത്. ഇതോടെ ആകെയുള്ള അഞ്ച് എം.എല്‍.എമാരില്‍ മൂന്ന് പേരും ജോസഫ് വിഭാഗത്തിനൊപ്പമാണ്. നിയമപരമായി മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ കഴിയും എന്നതാണ് ഇന്നത്തെ യോഗത്തിലുയര്‍ന്ന പൊതു വികാരം.

 

Trending News