ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ശശികുമാര്‍ വര്‍മ്മ

കേന്ദ്രം ഇടപെട്ടില്ലെന്ന് നീരസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ദേശീയതലത്തിലും കേരളത്തിലും പ്രകടന പത്രികയില്‍ ശബരിമല വിഷയം ഉള്‍പ്പെടുത്തുമെന്നാണ് പന്തളം കൊട്ടാരം പ്രതീക്ഷിക്കുന്നത്.   

Updated: Mar 28, 2019, 11:08 AM IST
ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ശശികുമാര്‍ വര്‍മ്മ

പന്തളം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കി. 

ശബരിമല സ്ത്രീപ്രവേശനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിരുന്നുവെങ്കില്‍ ഒപ്പം നില്‍ക്കുകയും പ്രചാരണത്തിന് ഇറങ്ങുകയും ചെയ്‌തേനെയെന്നും എന്നാല്‍ അതുണ്ടായില്ലയെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു. 

ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിക്കൊപ്പം സമരത്തില്‍ പന്തളം കൊട്ടാരത്തിന്റെ പ്രതിനിധിയായി നേതൃത്വം വഹിച്ചയാളാണ് ശശികുമാര്‍ വര്‍മ. നിയമപരമായ ഒരു നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇവിടത്തെ ഭക്തജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒന്നുണ്ടായില്ലല്ലോ, അങ്ങനെ എന്തെങ്കിലും ചെയ്‌തെങ്കില്‍ നിങ്ങള്‍ ചോദിക്കുന്ന എന്ത് പിന്തുണയും തന്നേനെ. എന്നാലിപ്പോള്‍ അങ്ങനെയൊരു കാര്യം ആലോചിക്കാനേ കഴിയില്ലയെന്നും ശശികുമാര്‍ വര്‍മ പറഞ്ഞു.

കേന്ദ്രം ഇടപെട്ടില്ലെന്ന് നീരസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ദേശീയതലത്തിലും കേരളത്തിലും പ്രകടന പത്രികയില്‍ ശബരിമല വിഷയം ഉള്‍പ്പെടുത്തുമെന്നാണ് പന്തളം കൊട്ടാരം പ്രതീക്ഷിക്കുന്നത്. അനുകൂലമായ സമീപനമുണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും പ്രകടനപത്രിക കൂടി നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികള്‍ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്ന് കൊട്ടാരം ആഹ്വാനം ചെയ്യില്ല.പക്ഷെ സഹായിച്ചവരെ തിരിച്ച് സഹായിക്കുമെന്ന് ശശികുമാര്‍ വര്‍മ്മ പറയുന്നു.’ഹൈന്ദവവിശ്വാസത്തിന്റെ ആണിക്കല്ലിളക്കുന്നവരുടെ ആണിക്കല്ലിളക്കാന്‍ ഞങ്ങളുടെ വോട്ടുകളും സഹായകമാവുമെന്ന്’ ശശികുമാര്‍ വര്‍മ.

സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും ഒന്നിലേറെ തവണ പന്തളത്തെത്തി പിന്തുണ തേടിക്കഴിഞ്ഞു. പരസ്യമായി രംഗത്തിറങ്ങില്ലെങ്കിലും കൊട്ടാരത്തിന്റെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.