സൈനികനെ കബളിപ്പിച്ച്‌ യുവതി തട്ടിയത് 20 ലക്ഷം!!

സൈനികന്‍റെ ഇളയച്ഛന്‍റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കി 30,000 രൂപയും കവര്‍ന്നിരുന്നു. 

Updated: Mar 14, 2019, 12:55 PM IST
സൈനികനെ കബളിപ്പിച്ച്‌ യുവതി തട്ടിയത് 20 ലക്ഷം!!

മലയാളിയായ സൈനികനെ കബളിപ്പിച്ച്‌ യുവതി തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ!!

അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെ കബളിപ്പിച്ചത്. രണ്ടു തവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന ആദ്യ വിവാഹമെന്ന തരത്തിലാണ് 2014ല്‍ സൈനികനെ വിവാഹ൦ കഴിച്ചത്. 

പല തവണയായി ഇരുപത് ലക്ഷം രൂപ കൈപ്പറ്റി മുങ്ങിയ ഇവര്‍ ഗെനക്കോളജിസ്റ്റ് ചമഞ്ഞാണ് വിവാഹത്തട്ടിപ്പ് നടത്തിയത്. ചെക്ക് മുഖേനയും എ.ടി.എം വഴിയുമാണ് പണം കവര്‍ന്നത്.

സൈനികന്‍റെ ഇളയച്ഛന്‍റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കി 30,000 രൂപയും കവര്‍ന്നിരുന്നു. 

ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കി വിവാഹം കഴിച്ചതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. 

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വെച്ച് ഇവര്‍ ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്താറുണ്ടായിരുന്നു.

റീനയുടെ ബാഗില്‍ നിന്നും ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് നാല് വര്‍ഷമായി തുടര്‍ന്ന തട്ടിപ്പ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്. റീന ശാമുവേല്‍ എന്ന പേരും കരവാളൂരിലെ വിലാസവുമാണ് റിസര്‍വേഷന്‍ ടിക്കറ്റില്‍ നിന്നും കണ്ടെത്തിയത്.

തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് സൈനികന്‍റെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇങ്ങനെ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്ന് വ്യക്തമായി.

യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണിപ്പോള്‍. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണിന്‍റെ സിഗ്‌നല്‍ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.

റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.  ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 

വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത്കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.