സ്ത്രീപ്രവേശനം: എൻഎസ്എസിന്‍റെ പുനപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് ഹർജി.   

Last Updated : Oct 13, 2018, 02:01 PM IST
സ്ത്രീപ്രവേശനം: എൻഎസ്എസിന്‍റെ പുനപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

ന്യൂഡല്‍ഹി:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയ്ക്കെതിര എൻഎസ്എസ് നല്‍കിയ പുനപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. 

അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ മാറ്റി നിർത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടിയാണ് ഹർജി. സിന്ധു ടി.പി എന്ന സ്ത്രീയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

പത്തുവയസുള്ള കുട്ടിയെ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ഭേദിക്കാൻ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും തുല്യമാണെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. അയ്യപ്പനെ അപമാനിക്കരുതെന്നാവശ്യപ്പെട്ടാണ് 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ കൂടിയായ സിന്ധു ടി.പിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന വാദമാണ് എൻഎസ്എസിന്‍റേത്. ഹിന്ദു മതത്തിൽ ഇങ്ങനെയൊരു കാഴ്ചപ്പാടില്ല. പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കുന്നത് നേടിയെടുത്ത സാമൂഹ്യ നിയമങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിരാണ്. 

എൻഎസ്എസ് നേതാക്കൾ പ്രതിഷേധ സമരങ്ങളിൽ ഉടനീളം 10 വയസുള്ള കുട്ടികളുമായി ബന്ധപ്പെടുത്തി അയ്യപ്പന്‍റെ ലൈംഗികതയെപ്പറ്റി പറയുകയാണ്. ദൈവത്തിൽ ലൈംഗിക ആസക്തി ജനിപ്പിക്കാൻ താൻ കാരണമാകുമെന്ന ബോധം ഇതിലൂടെ കുട്ടികളുടെ മനസിൽ ഉണ്ടാകുമെന്നും ഹർജിയിലുണ്ട്. 

എന്‍എസ്എസിന്‍റെ പുനഃപരിശോധന ഹർജി നൽകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല പക്ഷെ ഇത്തരം വാദങ്ങൾ അംഗീകരിക്കാൻ ആകില്ലെന്നാണ് ഇവരുന്നയിക്കുന്ന വാദം. 

Trending News