ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് വനിതാമതിലുയര്‍ന്നു

നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍  ആരംഭിച്ചത്.  

Last Updated : Jan 1, 2019, 04:26 PM IST
ചരിത്രം കുറിച്ചുകൊണ്ട് സംസ്ഥാനത്ത് വനിതാമതിലുയര്‍ന്നു

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സര്‍ക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാമതില്‍ കേരളത്തില്‍ ഉയര്‍ന്നു. 

നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍  ആരംഭിച്ചത്. കാസര്‍കോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയാകും. മതിലിന് അഭിമുഖമായി ഐക്യദാര്‍ഢ്യമറിയിച്ച് പുരുഷന്‍മാരും അണിനിരക്കുന്നുണ്ട്. ഏകദേശം അമ്പത് ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അതിനിടെ, പാലക്കാട് മുതലമടയില്‍ വനിതാ മതിലിനു ആളെ കൊണ്ടുപോകാന്‍ വിട്ടുകൊടുക്കാതിരുന്ന സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായതായി ഉടമയുടെ പരാതി. മുതലമട എം.പുതൂരില്‍ രാത്രി നിര്‍ത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആക്രമണം. മുന്‍ ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. ഈ സമയം ഡ്രൈവറും കണ്ടക്ടറും വണ്ടിയില്‍ ഉറങ്ങുകയായിരുന്നു. തൃശൂര്‍ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസാണിത്.

കണ്ണൂരിൽ വനിത മതിൽ പൊതുയോഗത്തിൽ ജില്ലാ കളക്ടർ മീർ മുഹമ്മദലി സംസാരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവര്‍ പങ്കെടുക്കുമ്പോള്‍ കാസര്‍കോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജയാണ് മതിലിന് നേതൃത്വം നല്‍കിയത്.

മതില്‍ പൂര്‍ത്തിയായാല്‍ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദന്‍ എന്നിവരും വെള്ളയമ്പലത്ത് യോഗത്തില്‍ പ്രസംഗിക്കും.

വനിതാ മതില്‍ പ്രതിജ്ഞ ഇങ്ങനെ:

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ….

Trending News