ആലപ്പുഴ: പ്രായമേറിയ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്ത കേസുകൾ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും വനിത കമ്മിഷൻ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന മെഗാ അദാലത്തിൽ ചേർത്തല താലൂക്കിലുള്ള അറുപത്തിയേഴുകാരിയെ മകൻ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ തഹസിൽദാരുടെ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് കമ്മിഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷാഹിദ കമാൽ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. സ്വത്ത് കൈക്കലാക്കിയ ശേഷം മാതാപിതാക്കളെ സംരക്ഷിക്കാത്ത കേസുകൾ നിരവധിയുണ്ട്. ഇത്തരം കേസുകളിൽ സ്വത്ത് തിരികെ ലഭിക്കുന്നതടക്കമുള്ള നിയമനടപടികളാണ് കമ്മിഷൻ സ്വീകരിക്കുക.
ഭർതൃവീട്ടിൽ താമസിക്കുന്നതിന് കോടതിയുടെ പ്രൊട്ടക്ഷൻ, റസിഡൻഷ്യൽ ഉത്തരവുകൾ ലഭിച്ചിട്ടും ഉപദ്രവമേറ്റെന്ന യുവതിയുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് കമ്മിഷൻ നിർദേശം നൽകി. ആറ്റിങ്ങൽ ഡിവൈ.എസ്.പി.യോട് റിപ്പോർട്ട് തേടി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഗൾഫിലുള്ള ഭർത്താവ് തലാഖ് ചൊല്ലിയതായി കാട്ടി യുവതി നൽകിയ പരാതിയിൽ കേസെടുക്കുന്നതിനും സൗജന്യനിയമസഹായം നൽകുന്നതിനും വനിത പ്രൊട്ടക്ഷൻ ഓഫീസറെ കമ്മിഷൻ ചുമതലപ്പെടുത്തി. നിയമപരമായ എല്ലാ സഹായവും യുവതിക്ക് ലഭ്യമാക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി. പത്താംക്ലാസ് വിദ്യാർഥിയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരേ പി.റ്റി.എ. നൽകിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് അധ്യാപകർ കമ്മിഷനെ സമീപിച്ചു. പി.റ്റി.എ., സ്കൂൾ പ്രിൻസിപ്പൽ, വാർഡംഗം എന്നിവരിൽനിന്ന് വിശദീകരണം കേൾക്കാൻ കേസ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
രണ്ടു പുതിയ പരാതികളടക്കം 87 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. ഇതിൽ 20 കേസ് തീർപ്പാക്കി. 34 കേസ് അടുത്ത സിറ്റിങിലേക്ക് മാറ്റി. 11 എണ്ണത്തിൽ പൊലീസ്, തഹസിൽദാർ എന്നിവരുടെ റിപ്പോർട്ടുകൾ തേടി. വനിത സെൽ സി.ഐ. കെ.വി. മീനാകുമാരി, കമ്മിഷൻ നിയോഗിച്ച അഭിഭാഷകർ എന്നിവർ കേസുകൾ കേട്ടു.