വാർത്താ സമ്മേളനത്തിൽ ശരീരഭാരത്തെ കുറിച്ച് ചോദിച്ച യൂട്യൂബർക്ക് ചുട്ട മറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലാണ് ഗൗരിയുടെ ശരീരഭാരത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് ഗൗരി പറഞ്ഞു. സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ നടനോട് ചോദിക്കുകയായിരുന്നു യൂട്യൂബർ. ഈ ചോദ്യത്തോടാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും ഇയാൾ ചോദിച്ചിരുന്നു.
തുടർന്ന്, നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ഗൗരി ചോദിച്ചു. ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സംഭവം. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനം ഇല്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി പറഞ്ഞു. എന്നാൽ, ചോദ്യത്തോടെ രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പു പറയേണ്ടതെന്നായിരുന്നു ചോദ്യം ഉന്നയിച്ചയാളുടെ മറുപടി. ഗൗരിയോട് തട്ടിക്കയറുകയും ചെയ്തു. മാധ്യമപ്രവർത്തകൻ ആയി വർഷങ്ങളുടെ പരിചയം ഉണ്ടെന്നും ചോദ്യത്തിൽ തെറ്റില്ലെന്നുമായിരുന്നു യൂട്യൂബറുടെ മറുപടി. എന്നാൽ, ഗൗരി തന്‍റെ നിലപാടിൽ ഉറച്ചുനിന്ന് മാപ്പു പറയണമെന്ന് പറഞ്ഞു.
സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെയാണ് ഗൗരി നേരിട്ട് പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









