അന്തരിച്ച മയൂരി ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തില്‍!!

1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്.

Sneha Aniyan | Updated: Oct 17, 2019, 06:23 PM IST
അന്തരിച്ച മയൂരി ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തില്‍!!

ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാല്‍, ജഗദീഷ്, ഇന്നസെന്റ് , ജഗതി ശ്രീകുമാര്‍, കല്പന , സുകുമാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആകാശഗംഗ.

1999ല്‍ പുറത്തിറങ്ങിയ ചലച്ചിത്രം മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. 

ബോക്സ്ഓഫീസില്‍ ഗംഭീര വിജയമായി മാറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ‘ആകാശഗംഗ2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം നവംബർ ഒന്നിന് പ്രദർശനത്തിനെത്തും.

ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഒന്നാം ഭാഗത്തില്‍ പ്രേതമായി അഭിനയിച്ച മയൂരി മരണപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. 

ഇപ്പോഴിതാ, രണ്ടാം ഭാഗത്തില്‍  മയൂരിയെ റിക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്

ഗ്രാഫിക്‌സിന്‍റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിനയന്‍ പറയുന്നത്. 

മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. 

രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, പ്രവീണ, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍