അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സമയത്ത് അതേ ജോലി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റും നോക്കിയപ്പോൾ കണ്ടത്... അംബിക റാവുവിന്റെ ഓർമകളിൽ ശ്രീബാല
മലയാള സിനിമയുടെ സാങ്കേതിക രംഗം സ്ത്രീകൾക്ക് കൂടി ജോലി ചെയ്യാവുന്ന ഒരിടമായി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച ആളായിരുന്നു അംബികയെന്ന് ശ്രീബാല കുറിച്ചു.
അന്തരിച്ച നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവുവിന്റെ ഓർമകൾ പങ്കുവച്ച് സംവിധായക ശ്രീബാല കെ മേനോൻ. മലയാള സിനിമയുടെ സാങ്കേതിക രംഗം സ്ത്രീകൾക്ക് കൂടി ജോലി ചെയ്യാവുന്ന ഒരിടമായി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച ആളായിരുന്നു അംബികയെന്ന് ശ്രീബാല കുറിച്ചു. മീശ മാധവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് സമയത്ത് അംബിക റാവുവിനെ പരിചയപ്പെട്ടതിന്റെ ഓർമകളും ശ്രീബാല പങ്കുവെച്ചു.
ശ്രീബാലയുടെ വാക്കുകൾ
"മലയാള സിനിമയിൽ സാങ്കേതിക വിഭാഗത്തിൽ സ്ത്രീകൾ വളരെ കുറവായിരുന്നു. ഡയറക്ഷൻ സെക്ഷനിൽ ഇല്ല എന്ന് തന്നെ പറയാം അന്ന് . അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യാൻ തുടങ്ങിയ കാലത്ത് അതേ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു സ്ത്രീ ഉണ്ടോ എന്നറിയാൻ ചുറ്റും നോക്കിയപ്പോൾ കണ്ട മറ്റൊരാൾ ആയിരുന്നു അംബിക റാവു. ആദ്യമായി പരിചയപ്പെട്ടത് മീശ മാധവൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് . അന്ന് ഞാൻ ജോലി ചെയ്തിരുന്ന സിനിമ അതേ വീട്ടിലെ മറ്റൊരു മുറിയിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. പരസ്പരം കണ്ടപ്പോൾ എന്റെ കൈ പിടിച്ച് കൊണ്ട് പോയി പാട്ട് ഷൂട്ട് ചെയ്യാൻ വേണ്ടി ഒരുക്കിയിരുന്ന വെള്ള കൊതുക് വല ഇട്ട കട്ടിലിൽ ഒരു പാട് നേരം ഇരുന്ന് സംസാരിച്ചു ഞങ്ങൾ . പിന്നെ ഇടയ്ക്കൊക്കെ കാണുമ്പോഴൊക്കെ ആ സ്നേഹം വളർന്നു. ഞാൻ ഡയറക്ഷൻ എന്ന മേഖലയിൽ മാത്രം തുടർന്നു. ചേച്ചിക്ക് അഭിനയം കൂടി ഉണ്ടായിരുന്നു. അഭിനേത്രി എന്ന നിലയിൽ ആണ് കൂടുതൽ അറിയപ്പെട്ടിരുന്നത് ജനങ്ങൾക്കിടയിൽ. മലയാള സിനിമയുടെ സാങ്കേതിക രംഗം സ്ത്രീകൾക്ക് കൂടി ജോലി ചെയ്യാവുന്ന ഒരിടമായി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ച ഒരാളായിരുന്നു.
പ്രണാമം അംബിക റാവു"
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അംബിക റാവുവിന്റെ അന്ത്യം. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഇതിനിടയിൽ കെോവിഡ് ബാധിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Also Read: Ambika Rao Passes Away: ചലച്ചിത്ര താരം അംബിക റാവു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
കൂടാതെ തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന അംബിക റാവു ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായിട്ടായിരുന്നു ചലച്ചിത്രലോകത്തെത്തിയത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...