മനുഷ്യരല്ലാത്തവര്‍ക്ക് എന്ത് മനുഷ്യാവകാശം!

തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. 

Sneha Aniyan | Updated: Dec 2, 2019, 04:37 PM IST
മനുഷ്യരല്ലാത്തവര്‍ക്ക് എന്ത് മനുഷ്യാവകാശം!

തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. 

ഇതിനിടെ, പ്രതിഷേധം രേഖപ്പെടുത്തി നിരവധി തെന്നിന്ത്യന്‍-ബോളിവുഡ് താരങ്ങളും രംഗത്തെത്തി. വളരെ വികാരഭരിതമായാണ് താരങ്ങള്‍ സംഭവത്തോട് പ്രതികരിച്ചത്. .

കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്വാദി പാര്‍ട്ടി എം.പിയുമായ ജയാ ബച്ചന്‍ അഭിപ്രായപ്പെട്ടു. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്നും ജയ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു.

ഷംഷാബാദില്‍ നടന്ന സംഭവം അതിക്രൂരമാണെന്നും ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്നും നടി അനുഷ്‌ക ശര്‍മ്മ കുറിച്ചു. 

അനുഷ്‌ക ശര്‍മ്മ:

'വേദന, രോഷം, നിരാശ, അവിശ്വസനീയത...  വളരെ ഭയാനകമായ സംഭവമാണിത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം... ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍. എത്രയും വേഗം തന്നെ നീതി നടപ്പിലാക്കണം.'  

വിരാട് കോഹ്ലി:

'ഹൈദരാബാദില്‍ നടന്നത് ഏറെ ലജ്ജാവഹമായ കാര്യങ്ങളാണ്. മനുഷത്യരഹിതമായ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സമൂഹം മുന്‍കൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' - അനുഷ്‌കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോഹ്ലി കുറിച്ചു. 

സല്‍മാന്‍ ഖാന്‍:

'നിര്‍ഭയയും ഈ പെണ്‍കുട്ടിയും കടന്നു പോയ വേദനകളിലൂടെ, പീഡനങ്ങളിലൂടെ ഇനിയൊരു പെണ്‍കുട്ടിയും കടന്നു പോകാതിരിക്കാന്‍, നമുക്ക് ഒരുമിച്ചു നിന്ന് മനുഷ്യന്മാര്‍ക്കിടയിലെ ചെകുത്താന്മാരെ തുരത്താം. ഇനി ഒരു കുടുംബത്തിനും ഇത്തരം സംഭവങ്ങളുടെ പേരില്‍ കരയേണ്ടി വരരുത്. ആ പെണ്‍കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.'

കീര്‍ത്തി സുരേഷ്: 

'ദിവസം ചെല്ലുന്തോറും കാര്യങ്ങള്‍ കൂടുതല്‍ ഭയാനകമായി മാറിക്കൊണ്ടിരിക്കുകയാണ്. അതും ഏറ്റവും സുരക്ഷിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ഹൈദരാബാദ് പോലെയൊരു നഗരത്തില്‍. സ്ത്രീകള്‍ക്ക് ഏതു സമയത്തും സ്വതന്ത്രമായി സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരിടമായി എന്നാണ് നമ്മുടെ രാജ്യം മാറുക? ഇത്തരം സൈക്കോപാത്തുകളുടെ തേടിപ്പിടിച്ച് എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കണം.'

വിജയ് ദേവേരക്കൊണ്ട:

'ഭയപ്പെടുത്തുന്ന സംഭവമാണിത്. കുടുംബത്തിലുള്ള പുരുഷന്മാരുടെ അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ നമ്മള്‍ തീര്‍ച്ചയായും ഉത്തരവാദിത്തം കാണിക്കണം.തെറ്റായ പെരുമാറ്റം ആരില്‍ നിന്നുണ്ടായാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം, ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരെപ്പോലെ
പെരുമാറാത്തവര്‍ക്ക് മനുഷ്യാവകാശ നിയമങ്ങള്‍ ബാധകമല്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ഈ സന്ദേശം പ്രചരിപ്പിക്കണം.' 

രാകുല്‍ പ്രീത് സിംഗ്:

'എങ്ങനെ പ്രതികരിക്കണമെന്നു പോലും എനിക്കറിയില്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ചോ, ക്രൂരതയെക്കുറിച്ചോ ചിന്തിക്കാനാകാത്ത വിധം ആളുകളുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍ ഒരു ദേശം ഒരുമിച്ചു നില്‍ക്കേണ്ട സമയമായിരിക്കുന്നു.'

തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദിൽ ക്രൂരമായ ബലാത്സംഗത്തിന് ശേഷം  തീകൊളുത്തി കൊന്നത്.  

രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. 

ഹൈദരാബാദിലെ ഔട്ടർ റി൦ഗ് റോഡിലെ അടിപ്പാതയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. 

സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍  പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്‍റെ അനാസ്ഥയും പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്. 

തുടര്‍ന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതിന് ഷംഷാബാദ് സബ് ഇൻസ്പെക്ടറെയും രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
 
സംഭവത്തില്‍ നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ  പ്രതികൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി.