ഭര്‍ത്താവിനെ കാണാനില്ലെന്ന് വീഡിയോ; ആശാ ശരത്തിനെതിരെ പരാതി

പൊലീസിന്‍റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴി തെറ്റിക്കുന്ന രീതിയിലാണ് വീഡിയോ എന്നാണ് പരാതിയില്‍ പറയുന്നത്.

Last Updated : Jul 4, 2019, 04:02 PM IST
 ഭര്‍ത്താവിനെ കാണാനില്ലെന്ന് വീഡിയോ; ആശാ ശരത്തിനെതിരെ പരാതി

പുതിയ ചിത്രത്തിന്‍റെ പ്രോമോഷന്‍റെ ഭാഗമായി നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

എന്‍റെ ഭർത്താവിനെ കാണാനില്ലെന്നും പറഞ്ഞായിരുന്നു താര൦ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തത്. 'എവിടെ' എന്ന ചിത്രത്തിന്‍റെ ഭാഗമായി പങ്കുവച്ച വീഡിയോ സത്യമാണെന്നാണ് പലരും കരുതിയത്. 

ഇപ്പോഴിതാ ആശാ ശരത്തിനെതിരെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഒരു അഭിഭാഷകന്‍.

കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തി എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത്‌ പെരുമനയാണ് പരാതി നല്‍കിയിരിക്കുന്നത്.

പൊലീസിന്‍റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴി തെറ്റിക്കുന്ന രീതിയിലാണ് വീഡിയോ എന്നാണ് പരാതിയില്‍ പറയുന്നത്. 

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശാ ശരത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് എല്ലാവരിലും തെറ്റിദ്ധാരണയുണ്ടാക്കി. കുറേ ദിവസമായി ഭർത്താവിനെ കാണാനില്ലെന്ന് ഇടറുന്ന ശബ്ദത്തോടെയാണ് ആശാ ശരത്ത് വീഡിയോയില്‍ പറയുന്നത്. 

ഇതു കേട്ടതോടെ കൂടുതൽ അറിയാനായി പ്രേക്ഷകർ ലൈവിൽ തുടർന്നു. ഭർത്താവിനെ കാണാനില്ലെന്നും, അദ്ദേഹം എവിടെ എന്ന അന്വേഷണത്തിലാണ് താനും കുടുംബാംഗങ്ങളുമെന്നും ലൈവിൽ അവർ പറഞ്ഞു. 

സഖറിയ എന്നാണ് ഭർത്താവിന്‍റെ പേര് എന്നും, തബല വായിക്കുന്ന ആർട്ടിസ്റ്റാണെന്നും അവർ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഇടറിയ ശബ്ദത്തോടെ ആശ ശരത്ത് പറയുന്നു.

ഇത്രയുംകാലം എന്‍റെ കൂടെനിന്ന നിങ്ങൾ അത് കണ്ടുപിടിച്ചുതരുമെന്ന വിശ്വാസത്തിലാണ് ഞാൻ- ആശ ശരത്ത് പറഞ്ഞു അവസാനിപ്പിക്കുന്നു.

വീഡിയോ വൈറലായത്തിന് ശേഷമാണ് തലക്കെട്ട് തിരുത്തിയതെന്നും പരാതിയില്‍ പറയുന്നു.

Trending News