)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് 'കൂലി'. ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാം ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചില സിനിമകൾ തിയേറ്ററിൽ പരാജയമായിരുന്നാലും ഒടിടിയിലെത്തുമ്പോൾ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്. എന്നാൽ കൂലിക്ക് അതിന് സാധിച്ചിട്ടില്ല. മാത്രമല്ല നിരവധി ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സിനിമ റിലീസ് ചെയ്ത ദിവസം 65 കോടി നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് ചിത്രം 200 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീട് കളക്ഷനിൽ ഇടിവാണ് കാണാൻ സാധിച്ചത്. റിലീസ് ചെയ്ത് 24ാമത്തെ ദിവസം എല്ലാ ഭാഷകളിൽ നിന്നുമാണ് ചിത്രം കളക്ട് ചെയ്തത് 19 ലക്ഷം രൂപ മാത്രമാണെന്നാണ് റിപ്പോർട്ട്. ഹിന്ദി പതിപ്പ് 1 ലക്ഷം രൂപ കളക്ട് ചെയ്തപ്പോൾ തമിഴ് പതിപ്പ് 13 ലക്ഷം കളക്ട് ചെയ്തു. തെലുങ്ക്, കന്നഡ പതിപ്പുകൾ യഥാക്രമം 4 ലക്ഷവും 1 ലക്ഷവും നേടി. ചിത്രം ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. കൂലിയുടെ ഇന്ത്യയിലെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ ഇപ്പോൾ 284.24 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
350 കോടി രൂപ ബജറ്റിലിറങ്ങിയ ചിത്രമാണ് കൂലി എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു ഇതെന്ന് പറയാം. ഇതിന്റെ വലിയൊരു ഭാഗവും താരങ്ങൾക്കുള്ള പ്രതിഫലമായിരുന്നു. ചിത്രത്തിനായി രജനീകാന്ത് വാങ്ങിയത് 150 കോടി രൂപയാണെന്ന് റിപ്പോർട്ടുണ്ട്. അത് പിന്നീട് വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടിയാണ് ലഭിച്ചത്.
പ്രീ-റിലീസ് ഡീലുകളിൽ ചിത്രം നല്ല കളക്ഷൻ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ സാമ്പത്തിക നഷ്ടസാധ്യത കുറവായിരുന്നു. സിനിമയുടെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ നല്ല വിലയ്ക്ക് വിറ്റുപോയിരുന്നു. ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ 130 കോടിക്കും സാറ്റലൈറ്റ് അവകാശങ്ങൾ 90 കോടിക്കുമാണ് വിറ്റുപോയത്. റിലീസിന് മുമ്പുതന്നെ സിനിമ അതിന്റെ ചെലവിന്റെ വലിയൊരു ഭാഗം തിരിച്ചുപിടിച്ചിരുന്നു.
നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ആമിർ ഖാൻ, ശ്രുതി ഹാസൻ, സത്യരാജ്, റീബ മോണിക്ക ജോൺ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമാണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് ഗംഗാധരൻ ആണ് കാമറ കൈകാര്യം ചെയ്തത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഫിലോമിൻ രാജ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.