ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളരുന്നു; നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കും

ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്. 

Last Updated : Jan 13, 2017, 03:19 PM IST
ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളരുന്നു; നടന്‍ ദിലീപിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപികരിക്കും

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം തള്ളി കൂടുതൽ തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് സമ്മതിച്ചതോടെയാണു സംഘടന പിളർപ്പിലേക്കു നീങ്ങുന്നത്. 

ഫെഡറേഷൻ പ്രഖ്യാപിച്ച സമരം തള്ളി പതിനഞ്ച് തിയറ്ററുകള്‍കൂടി വിജയ് ചിത്രം 'ഭൈരവ' റിലീസ് ചെയ്തു. വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. 

കൂടിയാലോചനകൾക്കു ശേഷം നടൻ ദിലീപിന്‍റെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. 

ഫെഡറേഷനു പുറത്തുള്ള തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, നിർമാതാക്കൾ, വിതരണക്കാർ, മൾട്ടിപ്ലെക്സ് ഉടമകൾ, തിയറ്റർ ബിസിനസുള്ള ചില താരങ്ങൾ, ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരുടെ കൂട്ടായ്മയിലാണു പുതിയ സംഘടന രൂപീകരിക്കുന്നത്.

സിനിമ സമരത്തിനെതിരെ സംവിധായകരും, നടന്മാരും ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഘടനയെന്ന ആശയത്തിലേക്ക് എത്തിയത്. ദിലീപാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് സംഘടനാ നേതാവ് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

എന്നാല്‍ ഈ ഭീഷണി വകവയ്ക്കാതെ തിയേറ്റര്‍ ഉടമയും വിതരണക്കാരനും കൂടിയായ ദിലീപ് പുതിയ സംഘടനയുമായി മുന്നോട്ടുപോവുകയായിരുന്നു. പുതിയ സംഘടനയ്ക്ക് പിന്തുണയുമായി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സമരത്തെ തുടര്‍ന്ന് ക്രിസ്മസ് റിലീസുകള്‍ വൈകിയത് സിനിമ മേഖലയെ സാരമായി ബാധിച്ചിരുന്നു. 

Trending News