സല്‍മാന്‍ ഖാനെ വധിച്ച് വിദേശത്തേക്ക് കടക്കാന്‍ പ്ലാന്‍

മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്‍റെ പുറത്താണ് സല്‍മാനെ കൊല്ലുമെന്ന് ബിഷ്‌നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു.  

Updated: Jun 10, 2018, 11:49 AM IST
സല്‍മാന്‍ ഖാനെ വധിച്ച് വിദേശത്തേക്ക് കടക്കാന്‍ പ്ലാന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍റെ വെളിപെടുത്തല്‍. സമ്പത്ത് നെഹ്‌റയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സല്‍മാന്‍റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയിലും നെഹ്‌റ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്‌നോയി ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ അനുയായിയാണു പിടിയിലായ നെഹ്‌റ.

മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്‍റെ പുറത്താണ് സല്‍മാനെ കൊല്ലുമെന്ന് ബിഷ്‌നോയി ഭീഷണിപ്പെടുത്തിയിരുന്നത്. സല്‍മാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്കു കടക്കാനായിരുന്നു പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ഈമാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റു ചെയ്തത്. ജയിലില്‍ വച്ചാണ് നെഹ്‌റ ലോറന്‍സ് ബിഷ്‌നോയിയെ പരിചയപ്പെടുന്നതും അടുക്കുന്നതും.

ഈ മാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. സല്‍മാനെ നെഹ്റ നിരന്തരം പിന്തുടര്‍ന്നിരുന്നുവെന്നും ചിത്രങ്ങള്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

രാജസ്ഥാനിലെ ചുരു ജില്ലയില്‍ കാലൗരി ഗ്രാമവാസിയായ നെഹ്‌റ ലോറന്‍സ് ബിഷ്‌നോയി സംഘത്തിലെ വെടിവയ്ക്കല്‍ വിദഗ്ധനാണ്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ബിഷ്‌ണോയി സംഘം. ചണ്ഡീഗഡ് പൊലീസില്‍നിന്നു വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മകനാണ് സമ്പത്ത് നെഹ്‌റ. 2016ല്‍ കാര്‍ജാക്കിങ് കേസില്‍ അറസ്റ്റിലായ നെഹ്‌റ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.