ചലച്ചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍: ചിലവ് 3.25 കോടി രൂപ

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ഉണ്ടാകില്ല.

Updated: Oct 10, 2018, 01:15 PM IST
ചലച്ചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍: ചിലവ് 3.25 കോടി രൂപ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി എ.കെ.ബാലന്‍. 

ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇത്തവണ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനെക്കുറിച്ച്‌ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. 

ചെലവ് ചുരുക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുക. ലോക സിനിമയിൽ ചിത്രങ്ങളുടെ എണ്ണം കുറച്ചു മികച്ച പടങ്ങൾ മാത്രമേ പ്രദർശിപ്പിക്കൂ. 

ഹോമേജ്, റിട്രോസ്പെക്ടിവ് തുടങ്ങിയവ ഒഴിവാക്കാനാണ് സാധ്യത. മൂന്നു തിയറ്ററുകൾ കുറയ്ക്കും. 

നഗരത്തിലെ 11 തിയറ്ററിലായിരിക്കും മേള. ടഗോർ തിയറ്റർ വളപ്പിൽ ഫെസ്റ്റിവൽ ഓഫിസുകളും മറ്റു പവിലിയനുകളുമൊക്കെ നിർമിക്കുന്നത് ഒഴിവാക്കും. 

ഉദ്ഘാടനം ചെറിയ തോതിൽ നടത്തും. അവസാന ദിവസമാണു വെട്ടിക്കുറയ്ക്കുന്നത്. ഇതുമൂലം കാര്യമായ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വിദേശ അതിഥികളുടെ എണ്ണം പരാമവധി കുറയ്ക്കും. രാജ്യാന്തര ജൂറി ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരായിരിക്കും. ആർഭാടങ്ങൾ പൂർണമായും ഒഴിവാക്കും. 3.25 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.