കേദാര്‍നാഥിന് നിരോധനം!

2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന ചിത്രമാണ് 'കേദാര്‍നാഥ്‌'.

Last Updated : Dec 8, 2018, 04:25 PM IST
കേദാര്‍നാഥിന് നിരോധനം!

റായ്പൂര്‍: സുശാന്ത് സിംഗ് രാജ്പൂത്, സാറ അലി ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അണിയിച്ചൊരുക്കുന്ന ബോളിവുഡ് ചലച്ചിത്രം കേദാര്‍നാഥിന് നിരോധനം. 

ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലാണ് ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. 

2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന ചിത്രമാണ് 'കേദാര്‍നാഥ്‌'.

കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ചിത്രത്തിനെതിരെ മുന്‍പും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. 

ഇവര്‍ ചിത്രം കണ്ടതിന് ശേഷമെടുത്ത തീരുമാനം വിശദീകരിച്ച് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞത് ഇങ്ങനെ, ''ഞങ്ങള്‍ ചിത്രം കണ്ടു ഒരു കലാരൂപത്തിനും നിരോധനം വേണ്ട എന്നത് തന്നെയാണ് നിലപാട് പക്ഷെ ക്രമസമാധാന നിലയും പരിഗണിക്കേണ്ടതുണ്ട്''.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി 13 ജില്ല മജിസ്ട്രേറ്റുമാരോട് ജില്ലയിലെ ക്രമസമാധാനം വിലയിരുത്താന്‍ ആവശ്യപ്പെട്ടു. 

സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്നം ഉണ്ടാകുമോ എന്നതാണ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 7 ജില്ലകളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍വച്ച് പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയാണ് മുന്നറിയിപ്പ് നല്‍കിയത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്‌വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ഏഴിന് റിലീസായ ചിത്രത്തിനു നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 
 

More Stories

Trending News