'ഖുറേഷി അബ്റാ൦' എത്തുമോയെന്ന് നാളെയറിയാം!!

മോഹന്‍ലാലിനെ ഖുറേഷി അബ്റാമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചന.

Last Updated : Jun 17, 2019, 06:47 PM IST
'ഖുറേഷി അബ്റാ൦' എത്തുമോയെന്ന് നാളെയറിയാം!!

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറി'‍ന് മികച്ച സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. 

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ഇപ്പോഴിതാ, മോഹന്‍ലാലിനെ ഖുറേഷി അബ്റാമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്.

ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്‍റെ പ്രഖ്യാപനം നാളെ വൈകുന്നേരം ആറു മണിയ്ക്കുണ്ടാകുമെന്നുമാണ്  പൃഥ്വി പറയുന്നത്‌. 

പൃഥ്വിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ മോഹന്‍ലാലും ഷെയര്‍ ചെയ്തിട്ടുണ്ട്. ലൂസിഫറിന്‍റെ അവസാന ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു വിട്ടതോടെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്‍റെ ലുക്കായിരുന്നു പൃഥ്വിരാജ് അവസാന പോസ്റ്ററില്‍ അവതരിപ്പിച്ചത്. അവസാനം...ആരംഭത്തിന്‍റെ തുടക്കം എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ചിരുന്നത്. 

ലൂസിഫറിന്‍റെ വലിയ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു. 

ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ മറ്റ് താരങ്ങള്‍ ആരൊക്കെയകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്. 

ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.

More Stories

Trending News