Video: റോക്കട്രി: ദി നമ്പി ഇഫക്ട്, ടീസര്‍ 31നെന്ന് മാധവന്‍
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഐഎസ്ആർഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത൦ പറയുന്ന ''റോക്കട്രി: ദി നമ്പി ഇഫക്ട്'' എന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ് നടന്‍ മാധവന്‍.
ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുന്നത്.
നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്.
ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മാധവന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. അറിഞ്ഞാല്‍ നിശബ്ദത പാലിക്കാനാവാത്ത ചില ജീവിതകഥകളുണ്ടെന്നും നമ്പി നാരായണന്‍റേത് അത്തരത്തില്‍ ഒന്നാണെന്നും മാധവന്‍ പറയുന്നു.
ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാധവന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം വ്യാകുലപ്പെട്ടുവെന്നും പറഞ്ഞിരുന്നു.
'അദ്ദേഹം എന്‍റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്ന് എനിക്കപ്പോള്‍ മനസിലായി', നമ്പി നാരായണന്‍ പറഞ്ഞു.
നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കണമെന്നുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.
'ആ വിധിയെത്തി, അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി, ഇതൊരു പുതിയ തുടക്കമാണ്, തുടക്കം മാത്രം.' -മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധിയ്ക്ക് മുന്‍പേ തീരുമാനിച്ചിരുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതം പറയുന്ന സിനിമ.