Making Video: ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്‍റെ സാഹോ

'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണിത്. 

Last Updated : Oct 23, 2018, 03:47 PM IST
Making Video: ബാഹുബലിയെ വെല്ലാനൊരുങ്ങി പ്രഭാസിന്‍റെ സാഹോ

പ്രഭാസിനെ നായകനാക്കി സുജീത് സംവിധാനം ചെയ്യുന്ന 'സാഹോ'യുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ  സംവിധായകനാണ് സുജീത്.

പ്രഭാസിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. 'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പേരില്‍ പുറത്തിറക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയിലെ ആദ്യ വിഡിയോയാണിത്. 

സിനിമയുടെ അബുദാബിയിലെ ലൊക്കേഷൻ ദൃശ്യങ്ങളടങ്ങിയ വീഡിയോ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സാണ് പുറത്തിറക്കിയിരിക്കുന്നത്. 

37 കാറുകളും അഞ്ചു ട്രക്കുകളുമാണ് ചിത്രത്തിലെ ഒരു ആക്ഷന്‍ സീനിന് വേണ്ടി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, തൊണ്ണൂറ് ശതമാനം ആക്ഷന്‍ സീക്വന്‍സുകളും യഥാർത്ഥമായി ചിത്രീകരിച്ചിരിക്കുന്നവയാണെന്ന് വിഡിയോയിലൂടെ വ്യക്തമാണ്.

ഏകദേശം തൊണ്ണൂറ് കോടി രൂപയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം നിര്‍മ്മാതാക്കള്‍ ചെലവിട്ടിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്സിനാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 

ട്രാന്‍സ്ഫോര്‍മേഴ്സ് പരമ്പര, റഷ് അവര്‍ 3, ദി ഐലന്‍ഡ് എന്നിവയുടെ ആക്‌ഷന്‍ സംവിധായകനായിരുന്നു ബേറ്റ്സ്. ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് സാഹോ. 

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപൂറാണ് നായിക. 

ജാക്കി  ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Trending News