സൂര്യയ്ക്കൊപ്പമാണ് മമിതയുടെ പുതിയ തമിഴ് ചിത്രം. ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിംഗും തുടങ്ങി.

പ്രേമലു എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ യുവനായികമാർക്കിടയിൽ താരമായി മാറിയ നടിയാണ് മമിത ബൈജു. വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ മമിതയ്ക്കായി. സഹനടിയായാണ് മമിത സിനിമയിലേക്കെത്തിയത്. പ്രേമലുവിൽ നായികയായി മാറിയതോടെ മമിത സ്റ്റാറായി മാറി. പ്രേമലും ഇന്ത്യയിലെമ്പാടും വലിയ വിജയമായിരുന്നു. ഇതോടെ മമിതയുടെ കരിയറിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.
ഇപ്പോൾ തമിഴിലും കൈനിറയെ ചിത്രങ്ങളുമായി കുതിയ്ക്കുകയാണ് മമിത. ബാക്ക് ടു ബാക്ക് ചിത്രങ്ങളാണ് മമിതയെ തേടിയെത്തുന്നത്. മമിത നായികയായ റെബൽ എന്ന തമിഴ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു. ജിവി പ്രകാശ് കുമാര്‍ ആയിരുന്നു ചിത്രത്തിൽ നായകൻ. പിന്നീട് വിജയ് ചിത്രമായ ജനനായകനിലും മമിത സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ വിജയ്ക്കൊപ്പം നിൽക്കുന്ന മമിതയുടെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. എച്ച് വിനോദാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ഇപ്പോൾ മമിത എത്തി നിൽക്കുന്നത് തമിഴിലെ മറ്റൊരു സൂപ്പർ താരത്തിനൊപ്പമാണ്. സൂര്യയുടെ പുതിയ ചിത്രത്തിലാണ് മമിത നായികയായെത്തുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൂര്യ 46 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
രാക്ഷസൻ എന്ന തമിഴ് ചിത്രത്തിന്റെ ടീം ഒരുക്കുന്ന ഇരണ്ടു വാനം എന്ന ചിത്രമാണ് മമിതയുടെ മറ്റൊരു പ്രോജക്ട്. ചിത്രം അനൗണ്‍സ് ചെയ്തു. വിഷ്ണു വിശാല്‍ ആണ് ഈ ചിത്രത്തിൽ നായകനാകുന്നത്. ചിത്രം ടി ജി ത്യാഗരാജനാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രാം കുമാറാണ് നിർവഹിച്ചിരിക്കുന്നത്.
ഹിറ്റുകൾ സമ്മാനിക്കുന്ന നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന് ചിത്രമാണ് മമിതയുടെ ലിസ്റ്റിലുള്ള അടുത്ത സിനിമ. ഡ്യൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമിത നായികയായെത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കീര്‍ത്തിശ്വരന്‍ ആണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മാണം.