സാമ്പത്തിക ബുദ്ധിമുട്ട് മൂലം, ശസ്ത്രക്രിയയ്ക്ക് തടസ്സം നേരിടുന്ന 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് വാത്സല്യം പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കൊച്ചി: കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. വാത്സല്യം എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നിർവഹിച്ചത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 14 വയസ്സിൽ താഴെയുളള കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഒരുക്കുന്ന ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
പദ്ധതി പ്രകാരമുള്ള ആദ്യ ഹൃദയശസ്ത്രക്രിയ ഏപ്രിൽ അവസാനം രാജഗിരിയിൽ നടന്നു. നിദ ഫാത്തിമ എന്ന ഏഴുവയസ്സുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു ആരാധകൻ വഴിയാണ് നിദയുടെ അവസ്ഥ മമ്മൂട്ടി അറിയുന്നത്. തുടർന്ന് മമ്മൂട്ടി വിഷയത്തിൽ ഇടപെട്ടത് അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇനി 99 കുട്ടികൾക്ക് കൂടി പദ്ധതിയുടെ ഭാഗമായി അത്യാധുനിക ശസ്ത്രകിയകൾ നടത്തും. മുതിർന്നവർക്കൊപ്പം കുട്ടികളുടെ ആരോഗ്യത്തിലും കരുതൽ പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പദ്ധതിയുടെ പിറവിക്ക് പിന്നിൽ.
അതേസമയം കുട്ടികളുടെ ആരോഗ്യപരിരക്ഷയിൽ ഈ പദ്ധതി നിർണായക ചുവടുവയ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു. ഹൃദ്രോഗികളുടെ ശസ്ത്രക്രിയക്ക് സഹായം നൽകുന്നതിനായി ഹൃദ്യം പദ്ധതി ആരംഭിച്ചിരുന്നു ഇതിന്റെ തുടർച്ചയാണ് വാത്സല്യം. 2022 മെയ് 25നാണ് ഹൃദ്യം പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൗജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാൻ കഴിഞ്ഞെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.
ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത് രാജഗിരി ആശുപത്രി പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനുവാണ്. വൃക്ക, മൂത്രാശയം എന്നിവയുമായി ബന്ധപ്പെട്ടുളള പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ സർജറികൾ, കരളുമായി ബന്ധപ്പെട്ട കോളിഡോക്കൽ സിസ്റ്റ് സർജറി, അന്നനാളം ആമാശയം എന്നിവയുമായി ബന്ധപ്പെട്ട ഫണ്ടോപ്ലിക്കേഷൻ സർജറി, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി ഉൾപ്പെടെ പദ്ധതി വഴി ലഭിക്കുമെന്ന് രാജഗിരി അധികൃതർ അറിയിച്ചു.
പദ്ധതിയിൽ പങ്കാളികളാകുവാൻ ഈ നമ്പരിൽ 0484-2377369 ,+91 95620 48414 കെയർ ആൻഡ് ഷെയർ ഭാരവാഹികളെ ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.