മഞ്ജു-ലാല്‍ മാജിക്കില്‍ വില്ലനിലെ ആദ്യഗാനം; കണ്ടിട്ടും കണ്ടിട്ടും മതിയാകെ ആരാധകര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില്ലനിലെ ആദ്യഗാനം യുട്യൂബിലെത്തി. മോഹന്‍ലാലും മഞ്ജു വാര്യരും പ്രത്യക്ഷപ്പെടുന്ന 'കണ്ടിട്ടും കണ്ടിട്ടും...' എന്ന പ്രണയഗാനത്തിന്‍റെ വീഡിയോ ആണ് റിലീസ് ചെയ്തത്. ഇതാദ്യമായാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഒരുമിച്ച് ഒരു പ്രണയഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പ്രിയതാരങ്ങള്‍ ഒരുമിക്കുന്ന ഗാനം റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം കാല്‍ ലക്ഷത്തോളം പേരാണ് കണ്ടത്.
ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്സിന്‍റേതാണ് സംഗീതം. യേശുദാസാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. നേരത്തെ സിതാരയുടെ ശബ്ദത്തില്‍ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തു വന്നിരുന്നു. ടീം ഫോര്‍ മ്യൂസിക്സിന്‍റെ ഒപ്പത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഫോര്‍ മ്യൂസിക്സ് എന്നറിയപ്പെടുന്ന ജിം ജേക്കബ്, ബിബി മാത്യു, എല്‍ദോസ് ഏല്യാസ്, ജസ്റ്റിന്‍ ജെയിംസ് എന്ന നാല്‍വര്‍ സംഘത്തിന്‍റെ മറ്റൊരു ഹിറ്റാകും ഈ ഗാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനം കാണാം.