തെലുങ്ക് സൂപ്പർ താരം നാനിയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'ഹിറ്റ് 3' യ്ക്ക് മികച്ച ബോക്‌സ് ഓഫീസ് പ്രതികരണം. മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം, ആദ്യ നാല് ദിവസത്തിനകം 101 കോടി രൂപയുടെ ആഗോള ഗ്രോസ് നേടി. ഇതോടെ നാനിയുടെ കരിയറിലെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് ചിത്രമായി മാറി ‘ഹിറ്റ് 3’. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെടുത്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത്.
റിലീസ് ദിവസം തന്നെ 43 കോടി രൂപയായിരുന്നു സിനിമ ഗ്രോസ് കളക്ഷൻ നേടിയത്. രണ്ടാം ദിവസത്തിൽ 19 കോടി, മൂന്നാം ദിവസം 20 കോടി, നാലാം ദിവസം വീണ്ടും 19 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്കുകൾ. ഡോ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ചിത്രം വാൾ പോസ്റ്റർ സിനിമാസിന്റെ ബാനറിൽ പ്രശാന്തി തിപിരനേനിയും, നാനിയുടെ സ്വന്തം ബാനറായ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
നാനിയുടെ സിനിമകളിൽ ഇതുവരെ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രമായി ‘ഹിറ്റ് 3’ മാറിയിരിക്കുകയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപോലെ പ്രേക്ഷകർ ചിത്രം സ്വീകരിക്കുന്നു. വിദേശ ബോക്‌സ് ഓഫിസിൽ മാത്രം ചിത്രം ഏകദേശം 16.7 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി. ‘ഹിറ്റ്’ എന്ന സിനിമയും അതിന്റെ രണ്ടാം ഭാഗമായ ‘ഹിറ്റ് 2’യും വൻ വിജയം നേടിയതിനു ശേഷം വന്ന 'ഹിറ്റ് 3' ഈ ഫ്രാഞ്ചൈസിന്റെ വിജയം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.
സാനു ജോൺ വർഗീസ് (ഛായാഗ്രഹണം), മിക്കി ജെ മേയർ (സംഗീതം), കാർത്തിക ശ്രീനിവാസ് ആർ (എഡിറ്റിംഗ്), ശ്രീ നാഗേന്ദ്ര തങ്കാല (പ്രൊഡക്ഷൻ ഡിസൈൻ), എസ് രഘുനാഥ് വർമ്മ (കളർ ഗ്രേഡിംഗ്), ശബരി (പിആർഒ) എന്നിവരാണ് അണിയറക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









