'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി നീട്ടി

ചിത്രം നാളെ പുറത്തിറക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.   

Last Updated : Apr 4, 2019, 12:20 PM IST
'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി നീട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി മാറ്റി. ഈ മാസം 12ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

ചിത്രം നാളെ പുറത്തിറക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അത് മാറ്റി ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസത്തേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 11ന് ആണ് ആദ്യഘട്ട വോട്ടെടുപ്പ്.

സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമൊന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയ സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഈ സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് റിലീസ് തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. 

മാത്രമല്ല സിനിമ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌ററിസ് അടങ്ങിയ ബെഞ്ച് ഈ ആവശ്യവും തള്ളിയിരുന്നു. 

ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

More Stories

Trending News