നരേന്ദ്ര മോദിയുടെ ബയോപിക്, റിലീസ് തിയതിയില്‍ മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം.

Last Updated : Mar 19, 2019, 03:39 PM IST
നരേന്ദ്ര മോദിയുടെ ബയോപിക്, റിലീസ് തിയതിയില്‍ മാറ്റം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം.

ഏപ്രില്‍ 12ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രില്‍ 5ന് തിയേറ്ററുകളില്‍ എത്തും!! ഹിന്ദിയ്ക്ക് പുറമേ തമിഴ്‌, തെലുങ്ക് എന്നീ ഭാഷകളിലും ഈ ചിത്രം അന്നേ ദിവസം റിലീസ് ചെയ്യും.

ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സിനിമയുടെ റിലീസ് തിയതിയില്‍ മാറ്റം വരുത്തിയതെന്ന് നിര്‍മ്മാതാവ് സന്ദീപ്‌ സിംഗ് പറഞ്ഞു. ജനങ്ങള്‍ ഒരുപാടു സ്നേഹവും പ്രതീക്ഷയും അര്‍പ്പിച്ച ചിത്രമാണ്‌ ഇത്, കൂടാതെ, 1.3 ബില്യണ്‍ ജനങ്ങളുടെ കഥയാണ്, അതിനാല്‍ അവരുടെ കാത്തിരിപ്പ് ദീര്‍ഘിപ്പിക്കുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.   

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന "പി.എം. നരേന്ദ്ര മോദി" സിനിമ ഒമംഗ് കുമാറാണ് സംവിധാനം ചെയ്യുന്നത്. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒമംഗ് സംവിധാനം ചെയ്തവയാണ്. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരുന്നു പുറത്തിറക്കിയിരുന്നത്. 23 ഭാഷകളില്‍ പുറത്തിറക്കിയ പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 

വിവേക് ഒബ്റോയിയാണ് സിനിമയില്‍ നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത്. ‘എന്‍റെ രാജ്യത്തോടുള്ള സനേഹമാണ് എന്‍റെ ശക്തി’ എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. ചിത്രത്തിന്‍റെ വലിയൊരു ഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഒമംഗ് കുമാര്‍ പറയുന്നു. ലെജന്‍റ് ഗ്ലോബല്‍ സ്റ്റുഡിയോക്ക് വേണ്ടി സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

 

 

Trending News