കമല്‍ ഹാസന്‍, രേവതി, രേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ബാലചന്ദര്‍ സംവിധാനം ചെയ്ത 'പുന്നഗൈ മന്നന്‍' തമിഴ് സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ചലച്ചിത്രമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് നടി രേഖ അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തല്‍ വിവാദമാകുകയാണ്.


ഇരുവരും ചേര്‍ന്നു വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. തന്‍റെ അനുവാദമില്ലാതെയാണ് കമലഹാസൻ ആ രംഗത്തില്‍ തന്നെ ചുംബിച്ചത് എന്നാണ് രേഖ വെളിപ്പെടുത്തിയിരിക്കുന്നത്.



അടുത്തിടെ നൽകിയ ഒരു അഭിമുഖത്തില്‍ താരം നടത്തിയ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ഇതോടെ, അനുവാദമില്ലാതെ രേഖയെ ചുംബിച്ച കമൽഹാസൻ മാപ്പ് പറയണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.


തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ലെന്നും കെ. ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ കമലിന് മാത്രമേ ഇതേ കുറിച്ച് സംസാരിക്കാനാകൂവെന്നും രേഖ പറയുന്നു.



സ്ക്രിപ്റ്റില്‍ ഇല്ലാത്ത ആ രംഗം അങ്ങനെ തന്നെ നടന്നുവെന്നും അച്ഛന്‍ പ്രശ്നമുണ്ടാക്കുമെന്നു പറഞ്ഞപ്പോള്‍ വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ പറഞ്ഞുവെന്നും  രേഖ വെളിപ്പെടുത്തി.


സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നുവെന്നും അതുകാരണം കമലിനും സാറിനും തന്നോട് ദേഷ്യമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. തന്‍റെ അറിവു കൂടാതെയാണ് അവര്‍ അത് ചെയ്‌തതെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും രേഖ പറഞ്ഞു.