നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

അമ്മ സംഘടന ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ 'തീര്‍ച്ചയായും' എന്നായിരുന്നു ഷെയിനിന്‍റെ മറുപടി.  

Ajitha Kumari | Updated: Dec 9, 2019, 04:31 PM IST
നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

തിരുവനന്തപുരം: നമ്മുടെ ഭാഗത്തുനിന്നും പറയുന്നതൊന്നും അവര്‍ കേള്‍ക്കില്ലയെന്നും എന്നാല്‍ അവര്‍ക്ക് പറയാനുള്ളതെല്ലാം പറയുമെന്നും നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയെക്കുറിച്ച് ഷെയ്ന്‍ നിഗം തുറന്നടിച്ചു.

നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തുമെങ്കിലും നമ്മള്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് കേള്‍ക്കുകയും വേണ്ട അവരിങ്ങനെ റേഡിയോപോലെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമെന്നാണ് ഷെയ്ന്‍ വ്യക്തമാക്കിയത്.

സെറ്റില്‍ ചെന്നപ്പോള്‍ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവല്ല. ആ പടത്തിന്‍റെ ക്യാമറാമാനും ഡയറക്ടറുമാണെന്നും ഇതിനൊക്കെ എന്‍റെ കയ്യില്‍ തെളിവുണ്ടെന്നും ഇതൊക്കെ എവിടെ വേണമെങ്കിലും പറയാന്‍ ഞാന്‍ തയ്യാറാണെന്നും ഷെയ്ന്‍ പറഞ്ഞു. 

അമ്മ സംഘടന ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ 'തീര്‍ച്ചയായും' എന്നായിരുന്നു ഷെയിനിന്‍റെ മറുപടി. എന്‍റെ സംഘടനയല്ലേ തീര്‍ച്ചയായും അവര്‍ ഒപ്പം നില്‍ക്കുമെന്നും ഷെയ്ന്‍ പ്രതികരിച്ചു.

ഷെയ്ന്‍ വിഷയത്തില്‍ ഫെഫ്ക്കയുടേയും അമ്മയുടേയും അനൗദ്യോഗിക ചര്‍ച്ചകള്‍ ഇന്ന് കൊച്ചിയില്‍ നടന്നു. ബി. ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വെയില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ശരത് മേനോന്‍ പറഞ്ഞു. ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് ചാര്‍ട്ട് ശരത് ഫെഫ്ക്കയ്ക്ക് നല്‍കിയിട്ടുണ്ട്. 

ചിത്രത്തിന്‍റെ ഡേറ്റ് ചാര്‍ട്ട് നല്‍കാന്‍ ശരത്തിനോട് ഫൈഫ്ക്കയും അമ്മയും ആവശ്യപ്പെട്ടിരുന്നു. എങ്കിലും വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്ന്‍ ഇടവേള ബാബു പ്രതികരിച്ചു. നിര്‍മ്മാതാക്കള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം 22 ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട് എന്നാല്‍ അതിനു മുന്‍പ് ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു അവയ്ലൈബിള്‍ എക്‌സിക്യൂട്ടീവ് ചേരാനാണ് സംഘടനയുടെ തീരുമാനം. ഈ യോഗത്തില്‍ ഷെയ്‌നും പങ്കെടുക്കും.

സിനിമയില്‍ നിന്നും തന്നെ വിലക്കിയതു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഷെയ്ന്‍ പ്രതികരിച്ചിരുന്നു. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Also read: ഷെയ്ന്‍ നിഗം വിവാദം: 'അമ്മ'യില്‍ പൊട്ടിത്തെറി?