ഇത് അര്‍ഹിച്ച അംഗീകാരം, ഇന്ദ്രന്‍സിന്‍റെ പുരസ്കാരലബ്ധി ആഘോഷിച്ച് സോഷ്യല്‍ മീഡിയ

'താങ്കളെ അവർക്ക് അംഗീകരിക്കേണ്ടി വന്നു. വെള്ളിത്തിരയിലെ വർഷങ്ങൾ നീണ്ട ത്യാഗത്തിന്‌ സല്യൂട്ട്,' മധു രാധാകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

Updated: Mar 8, 2018, 03:48 PM IST
ഇത് അര്‍ഹിച്ച അംഗീകാരം, ഇന്ദ്രന്‍സിന്‍റെ പുരസ്കാരലബ്ധി ആഘോഷിച്ച് സോഷ്യല്‍ മീഡിയ

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രന്‍സിന് അഭിനന്ദനം അറിയിച്ചുകൊണ്ട് സജീവമാണ് സോഷ്യല്‍ മീഡിയ. അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു. 

ഇന്ദ്രന്‍സ് ചേട്ടന് പുരസ്കാരം കിട്ടിയപ്പോ സ്വന്തം വീട്ടിൽ ഉള്ള ഒരാൾക്ക് കിട്ടിയ ഒരു സന്തോഷം എന്ന വികാരമാണ് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ പങ്കു വയ്ക്കുന്നത്. ജാഡകളില്ലാത്ത ആ മനുഷ്യനെ മലയാളികള്‍ അത്രമേല്‍ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഫാന്‍സ് ക്ലബുകളുടെ അകമ്പടിയില്ലാതെ ഇന്ദ്രന്‍സ് നേടുന്ന ഈ സ്വീകാര്യത. 

മണ്‍റോ തുരുത്തിന് തന്നെ അര്‍ഹിച്ചിരുന്നതെന്നാണ് സുജയ് രാധാകൃഷ്ണന്‍റെ അഭിപ്രായം. സ്റ്റേറ്റ് അവാര്‍ഡൊക്കെ ഇങ്ങനെയും പ്രഖ്യാപിക്കാമല്ലേ എന്ന് പറഞ്ഞ് കിരണ്‍ ഗംഗാധരന്‍ ഇന്ദ്രന്‍സിന്‍റെ പുരസ്കാരത്തിളക്കിന് കയ്യടി നല്‍കുന്നു. 

കാഥാകൃത്ത് ഷാജികുമാര്‍ പ്രതികരിച്ചത് ഇങ്ങനെ, "വർഷങ്ങൾക്കും വർഷങ്ങൾക്കും മുമ്പേ ലഭിക്കേണ്ട പുരസ്കാരം വൈകിയാണെങ്കിലും ഇന്ദ്രേട്ടനെ തേടിയെത്തിയതിൽ ഇന്ദ്രേട്ടനോളം സന്തോഷിക്കുന്നു."

തുന്നലിൽ നിന്നും കോമഡിയിലേക്ക്‌ കോമഡിയിൽ നിന്നും സീരിയസ്സ്‌ കഥാപാത്രങ്ങളിലേക്ക്‌.. ഇപ്പോൾ മികച്ച നടനുള്ള സ്റ്റേറ്റ്‌ അവാർഡ്‌, ഇന്ദ്രന്‍സിന്‍റെ ജീവിതം ആവേശം കൊള്ളിക്കുന്നതാണെന്ന് യുവസംവിധായകനും അഭിനേതാവുമായ ആര്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇന്ദ്രൻസിനെ പോലെ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെ ഇൻഡസ്ട്രിയുടെ ഭാഗമായിരുന്ന അഭിനേതാവിന് അർഹിച്ച അംഗീകാരങ്ങൾ ലഭിക്കുന്നത് കാണുന്നത് തന്നെ എന്തോരു സന്തോഷമാണെന്ന് സിനിമ പാരഡൈസോ ക്ലബില്‍ റാഷിദ് പറയുന്നു. 

"എത്ര നമ്മളെ ചവിട്ടി കൂട്ടിയാലും ഒരു ദിവസം എല്ലാ തടസ്സവും ഭേദിച്ചു കൊണ്ട് നമ്മൾ പുറത്ത് വരും എന്നതിന്റെ ജീവിക്കുന്ന 'ചരിത്ര'മാണ് ഇന്ദ്രൻസ് ചേട്ടൻ. താങ്കളെ അവർക്ക് അംഗീകരിക്കേണ്ടി വന്നു. വെള്ളിത്തിരയിലെ വർഷങ്ങൾ നീണ്ട ത്യാഗത്തിന്‌ സല്യൂട്ട്," മധു രാധാകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.