കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പശ്ചാത്തലമാക്കി തയാറാക്കിയ 'വൈറസ്' എന്ന ചിത്രത്തിന് സ്റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഥ മോഷ്ടിച്ചെന്നാരോപിച്ച് സംവിധായകന് ഉദയ് ആനന്ദ് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. പകര്‍പ്പവകാശലംഘനം കാണിച്ചാണ് ഉദയ് കോടതിയെ സമീപിച്ചത്.
വൈറസ് എന്ന പേരും കഥയും തന്റേതെന്നാണ് ഉദയ് ആനന്ദിന്റെ വാദം. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.
അതേസമയം, വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ 11ന് ചിത്ര൦ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മുഹ്സിന് പരാരി, സുഹാസ്, ഷറഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്.
'കെഎല്‍ 10 പത്തി'ന്റെ സംവിധായകനും 'സുഡാനി ഫ്രം നൈജീരിയ'യുടെ സഹരചയിതാവുമാണ് മുഹ്സിന് പരാരി. അമല്‍ നീരദ് ചിത്രം വരത്തന്റെ തിരക്കഥാകൃത്താണ് സുഹാസ് ഷര്‍ഫു.
രാജീവ് രവിയാണ് ഛായാഗ്രാഹണം. യുവ സംഗീത സംവിധായകനായ സുഷിന് ശ്യാമാണ് സംഗീത സംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ഇന്ദ്രന്‍സ്, റഹ്മാന്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്ജ്, രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, സൗബിന് ശാഹിര്‍, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, മഡോണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
...