തായ് ഗുഹയിലെ ജീവിതം സിനിമയാകുന്നു

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ സിനിമയാക്കുന്നത്. 

Last Updated : Jul 12, 2018, 05:12 PM IST
തായ് ഗുഹയിലെ ജീവിതം സിനിമയാകുന്നു

ലോകം പ്രാര്‍ഥനയോടെ കാത്തിരുന്ന തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സിനിമയാക്കുന്നു. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് പന്ത്രണ്ട് ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സിനിമയാക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പേ തായ്‌ലന്‍ഡിലെ ഗുഹയിലെത്തിയ മൈക്കല്‍ സ്‌കോട്ടും സംഘവും രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് സിനിമയുടെ ആദ്യഘട്ട തത്സമയ ചിത്രീകരണം നടത്തിയിരുന്നു. 

മാത്രമല്ല, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സ്‌കോട്ടും സംഘവും ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

പ്രമുഖ താരങ്ങളെ വെച്ചാകും ഗുഹക്കുള്ളിലെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്‌കോട്ട് വ്യക്തമാക്കി. 300 കോടി രൂപ ചിലവ് വഹിച്ചാണ് ചിത്രം തയാറാക്കുന്നതെന്നാണ് സൂചന. 

അതേസമയം, നാടകീയത നിറഞ്ഞ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഓരോ നിമിഷങ്ങളും കോര്‍ത്തിണക്കി ഒരു ഡോക്യുമെന്ററി പുറത്തിറക്കുമെന്ന് ഡിസ്കവറി വ്യക്തമാക്കിയിരുന്നു. 

ജൂൺ 23നാണ് തായ്‌ലാൻഡിലെ ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹയിലേക്ക് 12 കുട്ടികളും ഒരു ഫുട്ബോൾ കോച്ചുമടങ്ങുന്ന സംഘം കയറിയത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് വരുന്ന വഴിയാണ് ഇവർ ഗുഹയിലേക്ക് കയറിയത്. 

‘വൈൽഡ് ബോർസ്’ എന്ന ഫൂടിബോൾ ടീമിലെ അംഗങ്ങളാണ് ഇവരെല്ലാം. 11 മുതൽ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളും 25കാരനായ അസിസ്റ്റന്റ് കോച്ചും ചേർന്ന് ഗുഹയ്ക്കകത്തു കയറുകയായിരുന്നു. 

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ ഗുഹയിലെ ജലനിരപ്പ് ഉടനെ ഉയര്‍‌ന്നു. ഇതോടെ കുട്ടികൾക്കും കോച്ചിനും പുറത്തുവരാൻ കഴിയാതായി. ഇവരുടെ ബാഗുകളും മറ്റും ഗുഹയ്ക്കു പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ സംഭവമറിയുന്നത്.

10 കിലോമീറ്റർ നീളമുള്ള ഗുഹയാണ് ‘താം ലുവാങ് നാങ് നോൻ’. അങ്ങേയറ്റം ദുർഘടം പിടിച്ച ഘടനയാണ് ഈ ഗുഹയ്ക്കുള്ളത്. വലിയ ഗർത്തങ്ങളും തോടുകളുമെല്ലാം ഗുഹയിലുണ്ട്. മഴ പെയ്യുന്നതോടെ ഇവയിൽ വെള്ളം പൊങ്ങും. ചെളി നിറയും. ഇടുങ്ങിയ വഴികളാണ് പലയിടത്തുമുള്ളത്. വെള്ളമില്ലാത്ത സന്ദർഭത്തിൽപ്പോലും ഇതിലൂടെ യാത്ര പ്രയാസമാണ്.

ബ്രിട്ടനിൽ നിന്നെത്തിയ ഡൈവർമാർ നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ജൂലൈ 2നാണ് കുട്ടികളെ പുറത്തെടുത്തത്.

ആകാംക്ഷയുടേയും ഭയത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തിയ 18 ദിവസങ്ങളാണ് കഴിഞ്ഞു പോയത്. വെള്ളവും ചളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ 13 പേരെ തങ്ങളുടെ ജീവന്‍ പണയം വെച്ച് പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരേയും, വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും പ്രശംസിക്കുകയാണ് ലോകം.

Trending News