മുന്‍കാല നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു

നാൽപ്പതു മുതൽ അറുപതുകൾവരെ ഹിന്ദി ചലച്ചിത്രലോകത്തെ താരറാണിയായിരുന്നു മധുബാല എന്നറിയപ്പെടുന്ന മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി.

Updated: Jul 12, 2018, 04:58 PM IST
മുന്‍കാല നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു

ബോളിവുഡിന്‍റെ മർലിൻ മൺറോ എന്നറിയപ്പെടുന്ന മുന്‍കാല നടി മധുബാലയുടെ ജീവിതം സിനിമയാകുന്നു.  മധുബാലയുടെ സഹോദരി മധുര്‍ ബ്രിജി ഭൂഷണ്‍ ആണ് സംഘർഷഭരിതമായ ജീവിതം സിനിമയാക്കുന്നത്. 

നാൽപ്പതു മുതൽ അറുപതുകൾവരെ ഹിന്ദി ചലച്ചിത്രലോകത്തെ താരറാണിയായിരുന്ന മധുബാല എന്നറിയപ്പെടുന്ന മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി, ബോളിവുഡില്‍ ഒരുകാലത്ത് വൻ ആരാധകരെ സ്വന്തമാക്കിയ നടിയായിരുന്നു‍. 

മധുബാലയുടെ ജീവിതം സിനിമയാക്കാൻ നിരവധി പ്രമുഖ സംവിധായകർ സഹോദരിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പകര്‍പ്പവാകാശം നല്‍കാൻ അവര്‍ തയ്യാറായിരുന്നില്ല.

മധുബാലയുടെ ജീവിതത്തോട് നീതിപുലര്‍ത്തുന്ന മനോഹരമായ ഒരു സിനിമയെടുക്കാനാണ് താൻ ആലോചിക്കുന്നതെന്ന് സഹോദരി പറയുന്നു. 

തന്‍റെ അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മധുര്‍ ബ്രിജി ഭൂഷണ്‍ പറഞ്ഞു. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചോ മറ്റ് അണിയറ പ്രവർത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഇക്കാര്യം ഉടൻ തന്നെ അറിയിക്കുമെന്ന് മധുര്‍ ബ്രിജി ഭൂഷണ്‍ പറഞ്ഞു.

ബസന്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മധുബാല മിസ്റ്റർ ആൻഡ് മിസിസ് 55, ഹൗറ ബ്രിഡ്ജ്, കാലാപാനി, ദുലാരി തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. 1950 കാലഘട്ടത്തിലെ ത്രിസുന്ദരികളിൽ ഒരാളായിരുന്നു മധുബാല. നർഗീസ്, മീന കുമാരി എന്നിവരായിരുന്നു മറ്റു രണ്ടു പേർ. 1969ല്‍ തന്‍റെ മുപ്പത്തിയാറാം വയസ്സില്‍ അവര്‍ അന്തരിച്ചു.