പ്രിയ സഖിയ്ക്ക് താലി ചാര്‍ത്താനൊരുങ്ങി വരുൺ ധവൻ?

വരുണും നതാഷയും ദീർഘ കാലമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കരൺ ജോഹറിന്‍റെ ചാറ്റ് ഷോയിൽ വച്ചാണ് വരുണ്‍ പ്രണയം സ്ഥിരീകരിച്ചത്. 

Last Updated : May 22, 2019, 01:29 PM IST
പ്രിയ സഖിയ്ക്ക് താലി ചാര്‍ത്താനൊരുങ്ങി വരുൺ ധവൻ?

മുംബൈ: ബോളിവുഡ് താരം വരുണ്‍ ധവനും ഫാഷന്‍ ഡിസൈനറായ നതാഷ ദലാളു൦ വിവാഹിതരാകുന്നു! 

അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്നാണ് വരുണിന്‍റെ പിതാവ് ഡേവിഡ് ധവന്‍ അറിയിച്ചിരുന്നതെങ്കിലും ഇരുവരും ഈ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുമെന്നാണ് ലഭിക്കുന്ന വിവരം. 

ഗോവയിൽ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉള്‍പ്പെടുത്തിയുള്ള ഒരു ബീച്ച് വെഡ്ഡിംഗാകും വരുണിന്‍റേതെന്നും വിവാഹ ശേഷം മുംബൈയില്‍ എല്ലാവര്‍ക്കുമായി റിസപ്ഷന്‍ ഒരുക്കുമെന്നും സൂചനയുണ്ട്. 

വരുണും നതാഷയും ദീർഘ കാലമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കരൺ ജോഹറിന്‍റെ ചാറ്റ് ഷോയിൽ വച്ചാണ് വരുണ്‍ പ്രണയം സ്ഥിരീകരിച്ചത്. 

എന്നാൽ വിവാഹ വിവരം സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 1991ല്‍ പുറത്തിറങ്ങിയ ഗോവിന്ദ-കരിഷ്മ കപൂര്‍ ചിത്രം കൂലി നമ്പര്‍ 1ന്‍റെ റീമേക്കിലാണ് വരുണ്‍ ഇനി പ്രത്യക്ഷപ്പെടുക. 

വരുണിന്‍റെ പിതാവ് ഡേവിഡ് ധവനും സാറ അലി ഖാനും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായി ബോളിവുഡ് ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച വരുണ്‍, സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 

മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കളങ്കാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Trending News