സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ചൈനയില്‍ രൂപപ്പെട്ട കൊറോണ വൈറസ് ആഗോള തലത്തില്‍ വ്യാപിക്കുകയാണ്. ആ അവസരത്തിലാണ് സൗദിയില്‍നിന്നും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്.

Sheeba George | Updated: Feb 6, 2020, 12:11 PM IST
സൗദിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

റിയാദ്: ചൈനയില്‍ രൂപപ്പെട്ട കൊറോണ വൈറസ് ആഗോള തലത്തില്‍ വ്യാപിക്കുകയാണ്. ആ അവസരത്തിലാണ് സൗദിയില്‍നിന്നും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്.

തലസ്ഥാന നഗരിയായ റിയാദ് പ്രവിശ്യയിലെ പൗള്‍ട്രി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഫാം അടച്ചുപൂട്ടിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.

ലോക മൃഗ സംരക്ഷണ ഓര്‍ഗനൈസേഷനും (World Organisation for Animal Health, O I E)  ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഈ വൈറസ് മനുഷ്യരെ ബാധിക്കില്ല എന്നത് വളരെ അനുഗ്രഹമായാണ്  അധികൃതര്‍ കാണുന്നത്. രോഗബാധയെ കുറിച്ച്‌ വിവരം ലഭിച്ചയുടന്‍ മന്ത്രാലയത്തിനു കീഴിലെ എമര്‍ജന്‍സി സംഘം ഫാമിലെത്തി അടിയന്തര നടപടികള്‍ സ്വീകരിക്കുകയും രോഗബാധയുടെ പ്രഭവകേന്ദ്രം നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാത്ത പക്ഷികളെ മാത്രം ബാധിക്കുന്ന, 'H‌-5 N‍-8' വിഭാഗത്തില്‍ പെട്ട പക്ഷിപ്പനിയാണ് പൗള്‍ട്രി ഫാമില്‍ കണ്ടെത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബല്‍ഖൈല്‍ വ്യക്തമാക്കി.

അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പക്ഷിപ്പനി ബാധ സംശയിക്കുകയോ ചാകുന്ന പക്ഷികളുടെ തോത് ഉയരുകയോ ചെയ്യുന്ന പക്ഷം അക്കാര്യം ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ ലൈവ്‌സ്റ്റോക്ക് എമര്‍ജന്‍സി സംഘത്തെ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ, പുതിയ പക്ഷികളെ ഫാമുകളില്‍ പ്രവേശിപ്പിക്കരുതെന്നും രോഗബാധ തടയുന്നതിന് ദേശാടന പക്ഷികളെയും കരയില്‍ ജീവിക്കുന്ന മറ്റു പക്ഷികളെയും വേട്ടയാടി പിടിക്കാനും പാടില്ലെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍പ് 2017ലും ഇതേ ഇനത്തില്‍പ്പെട്ട പക്ഷിപ്പനി സൗദിയില്‍ കണ്ടെത്തിയിരുന്നു.