കൊറോണ വൈറസ്: 30 നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സിന് വൈറസ് ബാധ പിടിപെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന്‍ 30 മലയാളി നഴ്‌സുമാരെകൂടി പ്രത്യേക മുറിയിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.  

Ajitha Kumari | Updated: Jan 23, 2020, 02:34 PM IST
കൊറോണ വൈറസ്: 30 നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി

റിയാദ്: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച അഞ്ജാത വൈറസായ കൊറോണ ഇപ്പോള്‍ സൗദിയിലും. 

കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സിന് വൈറസ് ബാധ പിടിപെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന്‍ 30 മലയാളി നഴ്‌സുമാരെകൂടി പ്രത്യേക മുറിയിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

നിരീക്ഷണത്തിനായി പ്രത്യേക മുറിയിലടച്ച ഇവരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത് നാഷണലിലെ ജീവനക്കാരിയാണ് ഇവര്‍. ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മലയാളി നഴ്സിലേയ്ക്ക് വൈറസ് ബാധിച്ചതെന്നും അവിടെയുള്ള മറ്റ് മലയാളി നഴ്സുമാര്‍ പറഞ്ഞു. 

ഇവരെ സൗദി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കുകയാണ്. വൈറസ് പടരുന്നത്‌ ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ല. അതേസമയം രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്.

ചൈനയില്‍ ഇതുവരെ 220 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാലു പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരാകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ത്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.