ജോലി ചെയ്യണം! വിവാഹ മോചനം ആവശ്യപ്പെട്ട് സ്ത്രീകള്‍...

വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 

Sheeba George | Updated: Oct 31, 2019, 06:00 PM IST
ജോലി ചെയ്യണം! വിവാഹ മോചനം ആവശ്യപ്പെട്ട് സ്ത്രീകള്‍...

സൗദി: വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 

വിവാഹ മോചനത്തിനുള്ള കാരണങ്ങളും പ്രത്യേകത നിറഞ്ഞതാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് സ്വാശ്രയ ബോധം, ആത്മാഭിമാനം എന്നിവയ്ക്ക് സ്ത്രീകള്‍ എത്രമാത്രം വില കല്‍പിക്കുന്നുവെന്നാണ്!! 

ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരോടൊത്ത് ജീവിക്കാന്‍ തയ്യാറല്ലെന്നാണ് വിവാഹ മോചനം തേടുന്ന മിക്ക സ്ത്രീകളു൦ അഭിപ്രായപ്പെടുന്നത്. സൗദി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

31131 വിവാഹ മോചന കേസുകളാണ് ഈ വര്‍ഷം ഇത് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കേസുകളും ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടിട്ടുള്ളതാണ് എന്നതാണ് വസ്തുത.

പഴയ പിന്നോക്ക ചിന്താഗതി മാറ്റി, സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമങ്ങള്‍ അടുത്ത കാലത്ത് സൗദി മന്ത്രാലയം നടപ്പിലാക്കിയിരുന്നു. എന്നാല്‍, നിയമങ്ങള്‍ വന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാരുമുണ്ട്. ഇവരില്‍നിന്നാണ് സ്ത്രീകള്‍ മോചനം ആവശ്യപ്പെടുന്നത്.

പുരുഷന്‍മാരില്ലാതെ തന്നെ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും രാജ്യത്തിന് പുറത്ത് പോവാനും ഉള്ള അവകാശം തരുന്ന നിയമം ആഗസ്റ്റില്‍ സൗദിയില്‍ നടപ്പിലാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവകാശവും നല്‍കിയിരുന്നു. 

എന്നാല്‍, ഇതൊന്നും സ്ത്രീകള്‍ക്കും  അവരുടെ ഭര്‍ത്താക്കന്മാര്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിവാഹ മോചന കേസുകള്‍ വര്‍ധിക്കുന്നതെന്ന് നിയമരംഗത്തെ വിദഗ്ദര്‍ പറയുന്നു.