സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ദോഹ ജൂവലറി-വാച്ച് പ്രദര്‍ശനം

ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും സമൃദ്ധമായ ശേഖരവുമായി പതിനഞ്ചാം ദോഹ ജൂവലറി - വാച്ച് പ്രദര്‍ശനത്തിന് തുടക്കം. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മേഖലയിലെ ഏറ്റവും വലിയ ആഡംബര ആഭരണ-വാച്ച് പ്രദര്‍ശനങ്ങളിലൊന്നാണ്.

Last Updated : Feb 23, 2018, 05:05 PM IST
സന്ദര്‍ശകരെ വിസ്മയിപ്പിച്ച് ദോഹ ജൂവലറി-വാച്ച് പ്രദര്‍ശനം

ദോഹ: ആഡംബര വാച്ചുകളുടെയും ആഭരണങ്ങളുടെയും സമൃദ്ധമായ ശേഖരവുമായി പതിനഞ്ചാം ദോഹ ജൂവലറി - വാച്ച് പ്രദര്‍ശനത്തിന് തുടക്കം. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം മേഖലയിലെ ഏറ്റവും വലിയ ആഡംബര ആഭരണ-വാച്ച് പ്രദര്‍ശനങ്ങളിലൊന്നാണ്.

ആറ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ നാനൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വാച്ചുകളും ഉണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 50 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്.

പ്രദര്‍ശനത്തില്‍ യുവ ഖത്തറി ഡിസൈനര്‍മാര്‍ക്കായി പ്രത്യേക യങ് ഖത്തറി ഡിസൈനര്‍ സംരംഭം, എജ്യുക്കേഷന്‍ എബൗവ് ഓളിന്‍റെ നേതൃത്വത്തില്‍ പ്രാദേശിക ഡിസൈനര്‍മാരുടെ ആഭരണ ലേലം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

യങ് ഖത്തറി ഡിസൈനേഴ്‌സ് വിഭാഗത്തില്‍ പ്രാദേശിക ഡിസൈനര്‍മാര്‍ തങ്ങളുടെ പുത്തന്‍ ശേഖരങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എജ്യൂക്കേഷന്‍ എബൗവ് ഓളിന്‍റെ എജ്യൂക്കേറ്റ് എ ചൈല്‍ഡ് പദ്ധതിക്കായുള്ള ചാരിറ്റി ലേലവും നടക്കുന്നുണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ പദ്ധതിക്ക് പിന്തുണ നല്‍കി. അപൂര്‍വ ഡിസൈനുകളിലുള്ള ആഭരണങ്ങളും വാച്ചുകളുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുടെയും വിദഗ്ധരുടേയും വാച്ച്, ആഭരണ ശില്‍പ്പശാലകളും ക്ലാസുകളും പ്രദര്‍ശനത്തിന്‍റെ ഭാഗമായിട്ടുണ്ട്. 

ഫെബ്രുവരി 26 വരെ നടക്കുന്ന പ്രദര്‍ശനത്തിന്‍റെ പ്രവേശനം സൗജന്യമാണ്. 13 വയസ്സിനു താഴെയുള്ളവരെ ഉള്‍പെടുത്താതെ നടത്തുന്ന പ്രദര്‍ശനത്തില്‍ ആദ്യത്തെ രണ്ട് ദിവസവും മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.

വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി പത്ത് വരെയും മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി പത്ത് വരെയുമാണ് പ്രദര്‍ശനം.

 

Trending News