കൈകോർത്തപ്പോള്‍ പിറന്ന ലോക റെക്കോര്‍ഡ്‌!

ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ വെച്ചാണ് ഗിന്നസ് അധികൃതര്‍ ബഹുമതി കൈമാറിയത്.  

Sneha Aniyan | Updated: Nov 2, 2018, 02:27 PM IST
 കൈകോർത്തപ്പോള്‍ പിറന്ന ലോക റെക്കോര്‍ഡ്‌!

ദുബായ്:  പൊതുഗതാഗതദിനത്തില്‍ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.

96 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ ചേർന്ന് ദുബായ് മെട്രോയിൽ നിര്‍മ്മിച്ച മനുഷ്യച്ചങ്ങലയാണ് റെക്കോര്‍ഡ്‌ നേടിക്കൊടുത്തത്.

ഏറ്റവും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ ഉൾപ്പെടുത്തിയതിനുള്ള റെക്കോഡാണ് ഇതോടെ ദുബായ്ക്ക് സ്വന്തമായത്. 

സഹിഷ്ണുതാ വകുപ്പുമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ആർ.ടി.എ. ചെയർമാൻ മാതർ അൽ തായർ എന്നിവർ ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 

ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ വെച്ചാണ് ഗിന്നസ് അധികൃതര്‍ ബഹുമതി കൈമാറിയത്.  

200 രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന രാജ്യമാണിതെന്നും രാജ്യത്തിന്‍റെ ഐക്യവും സഹിഷ്ണുതയുമാണ് ഇത് വെളിവാക്കുന്നതെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.

തങ്ങളുടെ മാതൃരാജ്യത്തിന്‍റെ പേരെഴുതിയ, #wemovetogether എന്ന ഹാഷ്‌ടാഗുള്ള ടീ ഷർട്ടുകൾ അണിഞ്ഞാണ് പങ്കെടുക്കുന്നവരെത്തിയത്.

2013-ൽ 75 രാജ്യങ്ങളിൽ നിന്നുള്ളവർ ചേർന്ന് നിർമിച്ച റെക്കോഡാണ് ദുബായ് തകർത്തത്. 

ആർ.ടി.എ.യുടെ പതിമൂന്നാം വാർഷികം, പൊതുഗതാഗതദിനം എന്നിവ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.