സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ച് റീമ!

സൗദി അറേബ്യയിലെ ആദ്യ കാറോട്ടക്കാരിയായി റീമ അൽജുഫാലി!

Updated: Dec 4, 2019, 07:05 PM IST
സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ച് റീമ!

റിയാദ്: സൗദി അറേബ്യയിലെ ആദ്യ കാറോട്ടക്കാരിയായി റീമ അൽജുഫാലി!

സൗദി ഇന്‍റർനാഷണൽ ഓട്ടാമൊബൈൽ ഫെഡറേഷൻ സംഘടിപ്പിച്ച കാറോട്ടമത്സരത്തിലാണ് റീമ ആദ്യമായി സ്വന്തം രാജ്യത്ത് ഔദ്യോഗികമായി വളയം പിടിച്ചത്. 

എന്നാൽ ഇതാദ്യമായല്ല ഈ 27കാരി കാറോട്ട ട്രാക്കിലിറങ്ങുന്നത്. ഈ  വർഷം ഏപ്രിലിൽ ഇംഗ്ലണ്ടിലെ വെസ്റ്റ് കി൦ഗ്സ് ഡൌണിലുള്ള ബ്രാൻഡ്സ് ഹാച്ച് മോട്ടോര്‍ റേസി൦ഗ് സർക്യൂട്ടിൽ നടന്ന ഫോർമുല ഫോർ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തതാണ് റീമയുടെ അന്താരാഷ്ട്ര ട്രാക്കിലെ അരങ്ങേറ്റം. 

എന്നാൽ സ്വന്തം രാജ്യത്ത് ഔദ്യോഗികമായ ഒരു പ്രത്യക്ഷപ്പെടൽ ഇതാദ്യമായിരുന്നു. ഒരു വലിയ സ്വപ്നമാണ് യാഥാർത്ഥ്യത്തിന്‍റെ ട്രാക്കിൽ വേഗങ്ങളെ കീഴടക്കിയതെന്നും
മിന്നൽ വേഗത്തിൽ കാറോടിച്ച് ചാമ്പ്യനാകുകയെന്നത് തന്‍റെ ചിരകാല അഭിലാഷമായിരുന്നുവെന്നും റീമ പറയുന്നു. 

സൗദി അറേബ്യയിൽ നിലനിന്നിരുന്ന സ്ത്രീകളുടെ ഡ്രൈവി൦ഗ് നിരോധനമാണ് റീമയ്ക്ക് തടസ്സമായിരുന്നത്. 2018 ഒക്ടോബറിൽ നിരോധനം നീക്കിയതോടെ സാധ്യത തെളിഞ്ഞു. അതോടെ മത്സര ട്രാക്കുകളിൽ വളയം പിടിക്കാനിറങ്ങി.

ഈ വർഷം ഒക്ടോബറിൽ ആദ്യമായി ഒരു മത്സരത്തിൽ നിന്ന് വിജയം കൊയ്തു. അത് അബൂദാബിൽ വെച്ചായിരുന്നു. യാസ് മറീന സർക്യൂട്ടിൽ നടന്ന ടിആർഡി 86 കപ്പ് മത്സരത്തിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് കാറോടിച്ചു കയറ്റി റീമ. 

ആദ്യമായിട്ടായിരുന്നു ഒരു സൗദി വനിതാ ഡ്രൈവർ യുഎഇയിൽ ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കുന്നതും പോയിൻറുകൾ വാരി കൂട്ടുന്നതും. ജിദ്ദയാണ് റീമയുടെ സ്വദേശം. ഫോർമുല വൺ കാർ റേസി൦ഗ് എന്ന ഒരു അഭിനിവേശത്തോടൊപ്പമാണ് വളർന്നത്. ഇൻറർനാഷനൽ റേസി൦ഗ് ലൈസൻസ് നേടുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മൂന്ന് വനിതകളില്‍ ഒരാള്‍ കൂടിയാണ് റീമ.