ആഗോള പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ഉടന്‍

വിവിധ മേഖലകളിലെ പ്രശസ്തരെയും പ്രഗത്ഭരെയും ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നതിനും സൗദിയുടെ സംസ്കാരവുമായി വിദേശികളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

Updated: Apr 7, 2019, 02:35 PM IST
ആഗോള പ്രതിഭകള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് ഉടന്‍

റിയാദ്: ആഗോളതളത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് സൗദിയില്‍ ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് അനുവദിക്കാനുള്ള നടപടിയ്ക്ക് തൊഴില്‍ മന്ത്രാലയം തുടക്കമിട്ടു.

കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക വികസന സമിതി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ജീവിത ഗുണനിലവാര പദ്ധതി 2020 ന്‍റെ ഭാഗമായാണ് ആഗോള പ്രതിഭകള്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് അനുവദിക്കുന്നത്.  

വിവിധ മേഖലകളിലെ പ്രശസ്തരെയും പ്രഗത്ഭരെയും ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നതിനും സൗദിയുടെ സംസ്കാരവുമായി വിദേശികളെ ബന്ധിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാത്രമല്ല മറ്റു സംസ്കാരങ്ങളെ അംഗീകരിക്കുന്ന കാര്യത്തിൽ സ്വദേശികളുടെ അവബോധം ഉത്തേജിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എന്നാൽ ഏതെല്ലാം വിഭാഗങ്ങളിൽ പെട്ടവർക്കാണ് പദ്ധതിയുടെ പ്രയോജനം നൽകേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തും. 

പഠനം നടത്തുന്നതിനും പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നതിനുമുള്ള കരാർ അനുവദിക്കുന്നതിന് കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്ന് തൊഴിൽ മന്ത്രാലയം ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്.