close

News WrapGet Handpicked Stories from our editors directly to your mailbox

അഭിമാനയാത്ര പൂര്‍ത്തിയാക്കി ഹസ്സ തിരിച്ചെത്തി!!

ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറി യാത്ര തിരിച്ചത്. 

Sneha Aniyan | Updated: Oct 4, 2019, 12:28 PM IST
അഭിമാനയാത്ര പൂര്‍ത്തിയാക്കി ഹസ്സ തിരിച്ചെത്തി!!

ഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച് യുഎഇയിലെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി തിരിച്ചെത്തി. 

കസഖ്സ്ഥാനിലെ ചെസ്ഗാസ്‌ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59നാണ് ഹസ്സ തിരിച്ചെത്തിയത്.

എട്ടു ദിവസത്തെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസത്തിന് ശേഷമാണ് ഹസ്സ അല്‍ മന്‍സൂരിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയത്.

റഷ്യന്‍ പേടകമായ സോയുസാണ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ സഞ്ചാരികളെ കസാകിസ്ഥാനില്‍ സുരക്ഷിതമായി ഇറക്കിയത്. 

റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോച്ച്ക, അമേരിക്കയുടെ ജെസീക്ക മെര്‍ എന്നിവരായിരുന്നു ഹസ്സയുടെ സഹയാത്രികര്‍.

ഹസ്സയുടെ ബഹിരാകാശ പ്രവേശനത്തെ ഇമറാത്തി യുവതയുടെ അഭിമാന നേട്ടമായി അറബ്-മുസ്ലിം ലോകത്തിന് സമര്‍പ്പിക്കുന്നുവെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. 

അറബ് ലോകത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആത്മവിശ്വാസം പകരുന്ന ചുവടുവെപ്പാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് സോയുസ് എംഎസ് 15 പേടകത്തില്‍ സെപ്റ്റംബര്‍ 25നാണ് ഹസ്സ യാത്ര തിരിച്ചത്.  

യു.എ.ഇ. സമയം 5.57 (ഇന്ത്യന്‍ സമയം വൈകീട്ട് 7.27)ന് ആരംഭിച്ച യാത്ര രാത്രി പന്ത്രണ്ട് മണിയോടെയാണ് അവസാനിച്ചത്. 

ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുർആനുമായാണ് ഹസ്സ അൽ മൻസൂറി യാത്ര തിരിച്ചത്. 

പട്ടുകൊണ്ടുള്ള യുഎഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആത്മകഥയായ 'കിസ്സതി', സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്‍റെ 30 വിത്തുകൾ എന്നിവയും ഒപ്പം കരുതിയിരുന്നു. 

സോയൂസ് എം.എസ് 15 പേടകത്തിന് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമുണ്ട്. 3.05 ലക്ഷം കിലോയാണ് റോക്കറ്റിന്റെ ഭാരം.

20 ബില്യണ്‍ ദിര്‍ഹത്തിന്റേതാണ് യു.എ.ഇ ബഹിരാകാശ പദ്ധതി. 14 വര്‍ഷമായി സൈനിക പൈലറ്റാണ് യു.എ.ഇ.യുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി.