പാര്‍ക്കിംഗുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയാല്‍ പിഴ

ചിലര്‍ പാര്‍ക്കിങ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.  

Updated: Oct 8, 2018, 04:50 PM IST
പാര്‍ക്കിംഗുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയാല്‍ പിഴ

ഷാര്‍ജ: എമിറേറ്റിലെ സഹകരണ സ്ഥാപനങ്ങളുടെ വാഹന പാര്‍ക്കിംഗുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയിട്ടാല്‍ ഇനി പിഴ ഈടാക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ആയിരം ദിര്‍ഹമായിരിക്കും പിഴ. 

സഹകരണ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കാണ് അധികൃതര്‍ സൗജന്യ പാര്‍ക്കിങ് അനുവദിച്ചത്. എന്നാല്‍, ചിലര്‍ പാര്‍ക്കിങ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ദിവസങ്ങളോളം പാര്‍ക്കിംഗുകളില്‍ വാഹനം നിര്‍ത്തിയിടുന്നവരുമുണ്ട്. നിശ്ചിത സമയത്തിനകം മാറ്റിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. ഇതിനായി മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 

അല്‍ഖാന്‍, അല്‍ഖറായിന്‍ മേഖലകളിലെ സ്ഥാപനങ്ങളില്‍ നിന്നാണു കൂടുതല്‍ പരാതികള്‍ ലഭിച്ചത്. സ്ഥാപനങ്ങളുടെ സമീപത്തുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ പാര്‍ക്കിംഗ് കയ്യേറുന്നതായി ഷാര്‍ജ സഹകരണ സ്ഥാപന പ്രതിനിധി സൂചിപ്പിച്ചു. 

നഗരസഭ, ട്രാഫിക് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അനധികൃത പാര്‍ക്കിങ്ങ് തടയുക. പാര്‍ക്കിംഗ് ദുരുപയോഗം തടയാന്‍ സ്ഥാപനങ്ങള്‍ പേ പാര്‍ക്കിംഗ് നടപ്പാക്കുകയില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതിനിടെ, റാസല്‍ഖൈമയില്‍ പൊടിപിടിച്ച നിലയില്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്കു പത്തു ദിവസത്തെ സമയപരിധി നല്‍കി. ഇതിനകം നീക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കും. 

ഏറെക്കാലമായി പാതയോരങ്ങളിലും പാര്‍ക്കിംഗുകളിലും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മുന്നറിയിപ്പായി പൊലീസ് സ്റ്റിക്കര്‍ പതിക്കും. പൊലീസ് നോട്ടിസുകള്‍ ലഭിച്ച വാഹനങ്ങള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ നടപടിയുണ്ടാകും.