പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ

വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ യുഎഇയില്‍ ഇല്ല.

Last Updated : Sep 28, 2018, 06:21 PM IST
പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ

ദുബായ്: പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കാത്തവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കാന്‍ ഒരുങ്ങി ദുബായ്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. 

അടുത്തിടെ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയുടെ പശ്ചാത്തലത്തിലാണ് ദുബായ് സര്‍ക്കാര്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നത്. 

ദുബായിലെ ഒരു ഷോപ്പി൦ഗ് മാളിലെത്തിയ സ്ത്രീയോട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് വീഡിയോ.

ഇതിനായി അവര്‍ക്ക് 'അബായ' നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുഎഇയുടെ സംസ്കാരത്തെ ഇവിടെ എത്തുന്ന സന്ദര്‍ശകരും മാനിക്കണമെന്നാണ് സ്വദേശികളില്‍ പലരും ദൃശ്യങ്ങള്‍ക്ക് താഴെ അഭിപ്രായപ്പെടുന്നത്. 

സന്ദര്‍ശകര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് യുഎഇ സര്‍ക്കാറിന്‍റെ  ഔദ്ദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.

വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ യുഎഇയില്‍ ഇല്ലെങ്കിലും ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് പൊതുസ്ഥലത്ത് മാന്യമല്ലാത്ത എന്ത് പ്രവര്‍ത്തിയും ഇവിടെ ശിക്ഷാര്‍ഹമാണ്.

ഇതിന് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക നിയമമൊന്നുമില്ലെന്നാണ് യുഎഇയിലെ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

സ്വിം സ്യൂട്ടുകളും സമാനമായ വസ്ത്രധാരണവും ബീച്ചുകളിലും സ്വിമ്മി൦ഗ് പൂളുകളിലും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. 

Trending News