തലവെട്ടിയ ഇന്ത്യക്കാരുടെ മൃതദേഹം ലഭിക്കില്ല!!

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാരുടെ തലവെട്ടിയതായി സൗദി അറേബ്യ. ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു നടപടി. 

Updated: Apr 18, 2019, 05:43 PM IST
തലവെട്ടിയ ഇന്ത്യക്കാരുടെ മൃതദേഹം ലഭിക്കില്ല!!

സൗദി: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഇന്ത്യക്കാരുടെ തലവെട്ടിയതായി സൗദി അറേബ്യ. ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലായിരുന്നു നടപടി. 

ഹോഷിയര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 28 നാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് സൗദി അധികൃതര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിരുന്നില്ല. 

സൗദി നിയമം അനുവദിക്കാത്തതിനാല്‍ മരണപ്പെട്ടവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് ലഭിക്കില്ലെന്നും സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം സത്‌വിന്ദര്‍ സിംഗിന്‍റെ ഭാര്യയെ അറിയിച്ചു. 

സൗദി നടപടിയെ കിരാതമെന്നും മനുഷ്യത്വ രഹിതമെന്നും വിശേഷിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി.

വധശിക്ഷ സംബന്ധിച്ച വാര്‍ത്ത‍ പുറത്തുവിടാത്തതും തടയാന്‍ കഴിയാത്തതും കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവശേഷം പൊലീസ് കസ്റ്റഡിയിലായ ഇരുവരും വിചാരണയ്ക്കിടെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഹൈവേയില്‍ പിടിച്ചുപറി നടത്തിയിരുന്നതായും ഇരുവരും സമ്മതിച്ചു. സൗദിയിലെ ശരീഅത്ത് നിയമ പ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

2017 മെയ്‌ 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, വധശിക്ഷയുടെ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.

2015 ഡിസംബര്‍ 9നാണ് മോഷണമുതല്‍ പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തും ഇന്ത്യക്കാരനുമായ യുവാവിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.