കഅബയ്ക്കിനി പുതിയ വസ്ത്രം!

670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കഅബ തയാറാക്കിയിരിക്കുന്നത്.

Last Updated : Aug 21, 2018, 11:57 AM IST
കഅബയ്ക്കിനി പുതിയ വസ്ത്രം!

മക്ക: അറഫ സംഗമ ദിനത്തില്‍ കഅബയെ പുതിയ വസ്ത്രം (കിസ്‌വ) അണിയിച്ചു. കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. 670 കിലോ ശുദ്ധ പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ് കഅബ തയാറാക്കിയിരിക്കുന്നത്. 

അലങ്കാരപ്പണികള്‍ക്കൊപ്പം ഖുര്‍ആന്‍ സൂക്തങ്ങളും കിസ്‌വയില്‍  ആലേഖനം ചെയ്തിട്ടുണ്ട്. ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കഅബയെ പുതിയ വസ്ത്രം അണിയിച്ചത്. 

ഹജ് തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാന അനുഷ്ഠാനമായ അറഫ സംഗമം നടക്കുന്ന ദുല്‍ഹജ് ഒന്‍പതിനാണ് കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുന്നത്. 

അറഫ സംഗമം കഴിഞ്ഞ് ആദ്യ കല്ലേറും നിര്‍വഹിച്ച്, നിര്‍മ്മല മനസ്സുമായി തീര്‍ഥാടകര്‍ മക്കയില്‍ തിരിച്ചെത്തുമ്പോള്‍ കഅബ പുതുവസ്ത്രം ധരിച്ച് അവരെ കാത്തിരിപ്പുണ്ടാകും.

അതേസമയം ശക്തമായ കാറ്റ് വീശുന്നതിനാല്‍ മക്കയില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വൈകിട്ട് വീശിയടിച്ച പൊടിക്കാറ്റിന് പിന്നാലെ രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. 

ഇതേതുടര്‍ന്ന് അറഫയിലെ ഏതാനും ടെന്‍റുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ അറഫയില്‍ ചാറ്റല്‍മഴ ഉണ്ടായിരുന്നു. സുരക്ഷാവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.

ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് അണിയിക്കുന്നത്. പ്രത്യേക പട്ടിൽ തയ്യാറാക്കിയ കിസ്‌വ ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത്. കഅബയുടെ ആ വര്‍ഷത്തെ പരിപാലകന്‍റെ നേതൃത്വത്തിലാണ് പുതിയ കിസ്‌വ ധരിപ്പിക്കുന്നത്. 

Trending News