ഓറഞ്ചു ടാക്‌സികളില്‍ മീറ്റര്‍ നിര്‍ബന്ധം

യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചാണ് ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നിയമ ഭേദഗതികള്‍.  

Updated: Feb 9, 2019, 05:03 PM IST
ഓറഞ്ചു ടാക്‌സികളില്‍ മീറ്റര്‍ നിര്‍ബന്ധം

മസ്‌കറ്റ്: ഓറഞ്ചുടാക്‌സികളില്‍ ഇലക്‌ട്രോണിക് മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ പുതിയ തീരുമാനം. രാജ്യത്തെ ടാക്‌സി സര്‍വീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വാര്‍ത്തവിനിമയ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം. 

ഇതോടൊപ്പം ടാക്‌സി നിരക്കുകളും കൂടും. യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചാണ് ഒമാന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നിയമ ഭേദഗതികള്‍. 

ടാക്‌സികളിലെ മിനിമം ചാര്‍ജ് 300 ബൈസയാക്കും. കിലോമീറ്ററിന് 130 ബൈസ നിരക്കിലും യാത്രയുടെ ദൈര്‍ഘ്യവും അനുസരിച്ചാണ് ജൂണ്‍മുതല്‍ ചാര്‍ജുകള്‍ ഈടാക്കുക. ടാക്‌സിയില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ മീറ്റര്‍ചാര്‍ജ് ഓരോരുത്തരും പങ്കിട്ടെടുക്കണം. വെയ്റ്റിങ് ചാര്‍ജ് മിനിറ്റിന് അന്‍പതു ബൈസയും നല്‍കണം.

മീറ്റര്‍ ഘടിപ്പിക്കാതെയും വൃത്തിരഹിതമായ വാഹനങ്ങള്‍കൊണ്ടും ടാക്‌സി സര്‍വീസ് നടത്തിയാല്‍ അന്‍പതു ഒമാനി റിയാല്‍ വാഹന ഉടമയില്‍നിന്ന് പിഴയായി ഈടാക്കും. മീറ്റര്‍ നീക്കംചെയ്യുന്നപക്ഷം 200 ഒമാനി റിയല്‍ പിഴ അടയ്‌ക്കേണ്ടിവരും. 

രാജ്യത്തെ ടാക്‌സി സര്‍വീസ് മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നേരിട്ടു നിരീക്ഷിക്കുകയും കൂടുതല്‍ നിയന്ത്രണ വിധേയമാക്കുകയുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ലക്ഷ്യം. ജൂണ്‍ മുതല്‍ എല്ലാ ഓറഞ്ചുടാക്‌സികളിലും മീറ്റര്‍ നിര്‍ബന്ധമാക്കും.