സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.   

Updated: Sep 5, 2018, 04:01 PM IST
സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ല

റിയാദ്: സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. വിഷയം ശൂറാ കൗൺസിൽ ചർച്ച ചെയ്യുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശൂറാ കൗൺസിൽ മുൻ അംഗവും, സൗദി ഓഡിറ്റിംഗ് അതോറിറ്റി മേധാവിയുമായ ഹിസാം അൽ അൻഖരിയാണ് വിദേശികളയക്കുന്ന പണത്തിനു മേൽ സർചാർജ് ഏർപ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്.

ശൂറാകൗൺസിൽ സാമ്പത്തിക സമിതി വിദേശികളയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് നേരത്തെ പഠനവും നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിഷയം സജീവ ചർച്ചയായിരുന്നു.

എന്നാൽ വിദേശികളയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്താൻ ഉദ്ദേശമില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അംഗീകൃത മാർഗങ്ങളിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും പണം അയക്കുന്നതിനു തടസമുണ്ടാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.