എണ്ണ വിലയില്‍ ഇടിവ്: പുതിയ നികുതികൾ ഏർപ്പെടുത്തിയേക്കും!!

സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കു പുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും.

Updated: Nov 4, 2019, 06:38 PM IST
  എണ്ണ വിലയില്‍ ഇടിവ്: പുതിയ നികുതികൾ ഏർപ്പെടുത്തിയേക്കും!!

ദുബായ്: എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ ആലോചിക്കുന്നു. 

ഒറ്റത്തവണയല്ലാതെ ഘട്ടംഘട്ടമായി പുതിയ പ്രത്യക്ഷ, പരോക്ഷ നികുതികളാണ് ഏർപ്പെടുത്തുക. 

എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികവരുമാനം കണ്ടെത്തുന്നതിനായി പുതിയ നികുതികൾ ഏർപ്പെടുത്തുന്നത്. 

സ്വത്തുൾപ്പെടെയുള്ള വസ്തുവകകൾക്കു പുറമേ കോർപ്പറേറ്റ് മേഖലയിലും പുതിയ നികുതികൾ ബാധകമാകും.

ബജറ്റുമായും എണ്ണവിലയുമായും തട്ടിച്ചുനോക്കുമ്പോൾ ജി.സി.സി.സർക്കാരുകൾക്ക് പുതിയ നികുതിനിരക്കുകൾ ഏർപ്പെടുത്താതെപറ്റില്ലെന്നാണ് വിലയിരുത്തൽ. 

ഒറ്റത്തവണ നടപ്പാക്കലിലൂടെ ജനങ്ങൾക്ക് അധികഭാരമാകാതിരിക്കാനാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ ആലോചിക്കുന്നത്.

കുവൈത്തിൽ ആദ്യം കോർപ്പറേറ്റ് മേഖലയിലും പിന്നീട് ആദായ നികുതി മേഖലയിലുമായിരിക്കും നികുതിപരിഷ്കരണം.

മറ്റുവരുമാനസ്രോതസ്സുകളിൽനിന്നുള്ള നേട്ടങ്ങൾകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടികൾ കൈക്കൊള്ളുക.

അടുത്ത പത്തുവർഷത്തിനുള്ളിൽ സമ്പത്ത്, മറ്റു സ്വത്തുവകകൾ എന്നിവയിൽനിന്ന് നികുതി ഈടാക്കാതെ സർക്കാരുകൾക്ക് മറ്റുമാർഗമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഇപ്പോൾ ഈ മേഖലയിലെ സർക്കാരുകൾ കൂടുതൽ ശ്രദ്ധചെലുത്തുന്നത്
മൂല്യവർധിത നികുതി വരുമാനത്തിലാണ്. 

ഈസംവിധാനം ഫലപ്രദമായി നടപ്പായാൽമാത്രമേ സർക്കാരുകൾ മറ്റു അധികനികുതിവരുമാനം ലക്ഷ്യംവെച്ചുപ്രവർത്തിക്കുകയുള്ളൂ.

നികുതിപരിഷ്കരണത്തിന്റെ ഇടക്കാലകാലയളവിൽ ആഡംബരനികുതിയും ചുമത്തിത്തുടങ്ങും. 

ആദ്യം ‘വാറ്റ്’ (മൂല്യവർധിത നികുതി) നടപ്പാക്കിയശേഷമായിരിക്കും ആഡംബരനികുതിയിലേക്ക് കടക്കുക. 

നിലവിൽ യു.എ.ഇ., സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ചരക്ക്, സേവനങ്ങളിന്മേൽ അഞ്ചുശതമാനം ‘വാറ്റ്’ ഈടാക്കുന്നുണ്ട്. 

യു.എ.ഇ.യിൽ പുകയിലയ്ക്കും ഊർജദായകപാനീയങ്ങൾക്കും നൂറുശതമാനവും കാർബണേറ്റഡ് പാനീയങ്ങൾക്ക് അമ്പതുശതമാനവും നികുതി ഈടാക്കുന്നുണ്ട്.

ഡിസംബർ ഒന്നുമുതൽ ഈ നികുതി ഹുക്ക, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവയ്ക്കും ചുമത്തും.