സൗദി കിരീടാവകാശിക്ക് പാക്കിസ്ഥാന്‍റെ വക സ്വര്‍ണതോക്ക്!!

നിഷാന്‍ ഇ പാക്കിസ്ഥാനി നല്‍കിയും സല്‍മാനെ ആദരിച്ചിരുന്നു. 

Last Updated : Feb 21, 2019, 12:04 PM IST
സൗദി കിരീടാവകാശിക്ക് പാക്കിസ്ഥാന്‍റെ വക സ്വര്‍ണതോക്ക്!!

ഇസ്ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് സ്വര്‍ണം പൂശിയ തോക്ക് സമ്മാനിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാനുമായി 2000 കോടി ഡോളറിന്‍റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് തോക്ക് സമ്മാനിച്ചത്. 

തിങ്കളാഴ്ച നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് പാക് സെനറ്റ് ചെയര്‍മാന്‍ സാദിഖ് സന്‍ജ് റാനി സൗദി കിരീടാവകാശിയ്ക്ക് തോക്ക് സമ്മാനിച്ചത്. ജര്‍മ്മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്കാണ് സമ്മാനമായി നല്‍കിയത്. 

ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഛായാചിത്രവും പാക്കിസ്ഥാന്‍ സമ്മാനമായി നല്‍കി. പാക്കിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ നിഷാന്‍ ഇ പാക്കിസ്ഥാനി നല്‍കിയും സല്‍മാനെ ആദരിച്ചിരുന്നു. 

സൗദി ജയിലുകളില്‍ കഴിയുന്ന 2000ത്തിലധികം തടവ് പുള്ളികളെ വിട്ടയക്കണമെന്ന പാക്കിസ്ഥാന്‍റെ അഭ്യര്‍ത്ഥന അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. 

ഒരു ഫൈറ്റര്‍ ജെറ്റ് എസ്‌കോര്‍ട്ട്, ഗണ്‍ സല്യൂട്ട്, ഗാര്‍ഡ് ഓഫ് ഓണേര്‍സ് എന്നിവയുള്‍പ്പടെ വന്‍ സ്വീകരണമാണ് സല്‍മാന് വേണ്ടി പാക്കിസ്ഥാനില്‍ ഒരുക്കിയിരുന്നത്.

Trending News