)
ദോഹ: ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍, ഒന്നുമില്ലാതിരുന്ന ഒരു മരുപ്രദേശം. മൂന്ന് ഭാഗങ്ങളും കടല്‍. ഒരു ഭാഗം മാത്രം കര. അതും മരുഭൂമി തന്നെ. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വികസിത, സമ്പന്ന രാജ്യങ്ങളില്‍ ഒന്ന്. അതിന്റെ വലിപ്പമാകട്ടെ കേരളത്തിലെ മൂന്ന് ജില്ലകള്‍ ചേര്‍ത്തുവച്ചാല്‍ ഉള്ള അത്രമാത്രം. അവിടെ ജന സംഖ്യയുടെ ഏതാണ്ട് കാല് ഭാഗത്തോളം ഇന്ത്യക്കാരും!
രാജ്യം ഏതെന്നല്ലേ... മലയാളികള്‍ ഏറെയുള്ള ഖത്തര്‍ തന്നെ. ഈ രാജ്യത്തിന് വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. ഖത്തര്‍ സ്വദേശികളുടെ എണ്ണം അവിടെയുള്ള മൊത്തം ജനങ്ങളുടെ 12 ശതമാനത്തോളം മാത്രമേ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം പ്രവാസികളാണ്. പല രാജ്യങ്ങളില്‍ നിന്നും ദേശങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തിയവര്‍.
വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഖത്തറിലെ മൊത്തം ജന സംഖ്യ എന്നത് 31.15 ലക്ഷം മാത്രമാണ്. ഇതില്‍ 88 ശതമാനത്തിലധികവും പ്രവാസികള്‍. അതായത് മൂന്നര ലക്ഷത്തോളം മാത്രം ഖത്തര്‍ പൗരന്മാരും ബാക്കിയുള്ളവരെല്ലാം വിദേശികളും എന്നര്‍ത്ഥം. അതില്‍ തന്നെ ഏറ്റവും അധികം ഉള്ളത് ഇന്ത്യക്കാരാണ്. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറില്‍ ഉണ്ട്. ഇതിൽ തന്നെ മൂന്ന് ലക്ഷത്തോളം പേർ മലയാളികളാണ്. കൊവിഡിന് മുമ്പ് ഇത് നാലര ലക്ഷത്തോളം ആയിരുന്നു എന്നും ഓർക്കണം. നേപ്പാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആണ് ഇന്ത്യയ്ക്ക് പുറമേ പ്രവാസികള്‍ ഏറെ എത്തുന്നത്.
ഒരു നൂറ്റാണ്ട് മുമ്പ് വരെ ഖത്തര്‍ മനുഷ്യവാസം പോലും അസാധ്യമായ ഒരു ഭൂ പ്രദേശം ആയിരുന്നു. അങ്ങനെയിരിക്കെയാണ് 1939 ല്‍ ഇവിടെ എണ്ണശേഖരം കണ്ടെത്തുന്നത്. ഇതോടുകൂടി ഖത്തറിന്റെ രൂപവും ഭാവവും മാറി. ആദ്യ കാലഘട്ടങ്ങളില്‍ ലോകമഹായുദ്ധത്തിന്റെ സ്വാധീനം എണ്ണ ഖനനത്തെ ബാധിച്ചിരുന്നെങ്കിലും 1949 ന് ശേഷം കാര്യങ്ങള്‍ ദ്രുതഗതിയില്‍ ആയി. എന്നാലും ആ കാലമെല്ലാം ബ്രിട്ടന്റെ അധീനതയില്‍ ആയിരുന്നു ഖത്തര്‍. 1971 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആണ് ഖത്തര്‍ ഇന്ന് കാണുന്ന രീതിയിലുളള വളര്‍ച്ചയിലേക്ക് എത്തിയത്.
അല്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിസിസി രാജ്യങ്ങള്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സഹായം നല്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. അന്ന് ഏക കര അതിര്‍ത്തി സൗദി അറേബ്യ അടച്ചു. മറ്റ് ജിസിസി രാജ്യങ്ങള്‍ വ്യോമപാതകളും അടച്ചു. എന്നിട്ടും ഖത്തര്‍ പിടിച്ചുനിന്നു. അങ്ങനെ പിടിച്ചുനില്ക്കാന് അവര്‍ക്കായത്, ഈ ചുരുങ്ങിയ കാലം കൊണ്ട് നേടിയ സാമ്പത്തിക ഭദ്രതകൊണ്ടുമാത്രമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.